ഇത്തരം സമ്മേളനങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിക്കണം; കരൂര്‍ ദുരന്തത്തില്‍ എം കെ സ്റ്റാലിൻ

എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു

ചെന്നൈ: കരൂരിൽ സംഭവിച്ച ദുരന്തത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അപവാദങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തമിഴ്നാട്ടിൽ ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാവാൻ പാടില്ല. അതിനു വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻതന്നെ ധനസഹായം നൽകും. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇനി ഇത്തരം സമ്മേളനങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിക്കണമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

ജുഡീഷ്യൽ കമ്മീഷൻ നീതിയുക്തമായ അന്വേഷണം നടത്തും. അപകടത്തിനുള്ള കാരണം കണ്ടെത്തും. ഒരു രാഷ്ട്രീയപാർട്ടി നേതാവും ഇത്തരമൊരു ദുരന്തം ആഗ്രഹിക്കുന്നില്ല. മരിച്ചവർ ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉൾപ്പെട്ടവരായാലും തന്നെ സംബന്ധിച്ച് അത് തമിഴ് സഹോദരങ്ങളാണ്. രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും ജനങ്ങളുടെ നന്മകളെ പറ്റി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലി വന്‍ ദുരന്തത്തില്‍ കലാശിച്ചത്. 41 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട വിജയ് ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കി. ഇത് സ്ഥിതി സങ്കീര്‍ണമാക്കി. ആളുകള്‍ കുപ്പി പിടിക്കാന്‍ തിരക്ക് കൂട്ടിയതോടെ തിക്കും തിരക്കുമുണ്ടായതാണ് വിവരം.

ഇതോടെ ആളുകള്‍ കുഴഞ്ഞുവീഴാന്‍ തുടങ്ങി. ഈ സമയം ആറ് വയസുകാരിയെ കാണാതായ വിവരം വിജയ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. അധികം വൈകാതെ തന്നെ പ്രസംഗം അവസാനിപ്പിച്ച് വിജയ് സ്ഥലത്ത് നിന്ന് മടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ മരണം നാല്‍പത് ആയിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരമനുസരിച്ച് മരിച്ചവര്‍ 41 ആണ്. സുഗുണ എന്ന 65കാരിയാണ് ഒടുവില്‍ മരിച്ചത്. അറുപതോളം പേര്‍ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിലാണ്. ഏഴ് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Content Highlights: mk stalin on karur stampede

To advertise here,contact us