ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലുണ്ടായ മിന്നല് പ്രളയത്തില് കാണാതായ 67 പേര് മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നടപടി. ദുരന്തസഹായം ലഭ്യമാക്കാനാണ് നടപടിയെന്നാണ് മന്ത്രാലയം അറിയിച്ചത്. നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകള് മറികടന്നാണ് പ്രഖ്യാപനം. കാണാതാകുന്നവരെ ഏഴ് വര്ഷം കഴിഞ്ഞു മാത്രമേ സാധാരണ മരിച്ചതായി പ്രഖ്യാപിക്കാറുളളു. ബന്ധുക്കളുടെ കൂടി അഭ്യര്ത്ഥനയിലാണ് നടപടി.
കാണാതായ വ്യക്തികളെ മരിച്ചതായി പ്രഖ്യാപിക്കാന് ആവശ്യമായ ഏഴ് വര്ഷത്തെ കാത്തിരിപ്പ് ഒഴിവാക്കി മരണ രജിസ്ട്രേഷന് നടത്താന് രജിസ്ട്രാര് ജനറല് ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്കുകയായിരുന്നു. ഇതോടെ ധരാലിയിലെ പ്രളയത്തില് കാണാതായവരുടെ കുടുംബങ്ങള് സംസ്ഥാന ദുരിതാശ്വാസ നിധിയില് നിന്നും ധനസഹായം ലഭിക്കാന് അര്ഹരാവും. ഓഗസ്റ്റ് അഞ്ചിനാണ് ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനമുണ്ടായത്. ഹർസിൽ സൈനിക ക്യാംപിൽ നിന്ന് നാല് കിലോമീറ്റർ അകലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയിരുന്നു.
പ്രളയം വൻ നാശനഷ്ടം വിതച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് സർക്കാർ മതിയായ ധനസഹായം നൽകിയില്ലെന്ന് ആരോപണമുയർന്നിരുന്നു. അടിയന്തര ആശ്വാസമെന്ന നിലയ്ക്ക് നൽകിയ 5000 രൂപയുടെ ചെക്ക് ഗ്രാമീണർ നിരസിച്ചു. സർവ്വവും നഷ്ടമായ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ഈ തുക അപര്യാപ്തമെന്നാണ് പരാതി.ധരാലിയിലെയും ഹർഷിലിലെയും ദുരിതബാധിത കുടുംബങ്ങൾക്കാണ് 5000 രൂപയുടെ ചെക്ക് വിതരണം ചെയ്തത്. പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ തങ്ങൾക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി കുറച്ചുകാണുന്നുവെന്ന് ഗ്രാമീണർ ആരോപിച്ചു.
Content Highlights: Uttarakhand Dharali disaster: 67 missing people declared dead by Home Ministry