തിരുവനന്തപുരം: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി. ഇത്തരം ദുരന്തങ്ങൾ രാജ്യത്തെ ജനക്കൂട്ടങ്ങളെ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകൾ എടുത്തു കാണിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് മാസങ്ങൾക്ക് മുൻപ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 പേർ തിക്കിലും തിരക്കിലും മരിച്ച സംഭവം ഓർത്തെടുത്താണ് ശശി തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.
"കരൂരിലേത് ദാരുണവും വേദനാജനകവുമായ സംഭവമാണ്. ആൾക്കൂട്ടങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ രാജ്യത്തെ സംവിധാനങ്ങളിൽ പാളിച്ചയുണ്ട്. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. ബെംഗളൂരുവിലെ സംഭവം ഓർക്കുന്നു. തിക്കിലും തിരക്കിലുംപെട്ട് കുട്ടികൾ മരിക്കുന്നത് ഹൃദയഭേദകമാണ്, തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ തരൂർ പറഞ്ഞു.
സാധാരണക്കാരെ സംരക്ഷിക്കുന്നതിൽ ദേശീയ തലത്തിൽ എന്ത് ചെയ്യാൻ കഴിയും എന്നത് പ്രധാന ചോദ്യമാണെന്നും ശശി തരൂർ പറഞ്ഞു. സിനിമാ താരങ്ങളായ രാഷ്ട്രീയക്കാരെയും ക്രിക്കറ്റ് താരങ്ങളേയും കാണാൻ ആളുകൾ ആവേശത്തോടെയാണ് പോകുന്നത്. ഇതിനെല്ലാം അടിസ്ഥാനപരമായ മാനദണ്ഡങ്ങളും നിയമങ്ങളും വേണമെന്നതാണ് വസ്തുതയെന്നും ശശി തരൂർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ വേണമെന്നും ശശി തരൂർ പറഞ്ഞു.
ഇന്നലെ വൈകിട്ടായിരുന്നു വിജയ്യുടെ റാലിക്കിടെ വന് അപകടം നടന്നത്. പരിപാടിയില് പങ്കെടുക്കാന് ആറ് മണിക്കൂര് വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്ക്ക് വിജയ് വെള്ളക്കുപ്പികള് എറിഞ്ഞുകൊടുക്കാന് ശ്രമിച്ചിരുന്നു. ഇത് പിടിക്കാന് ആളുകള് ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ആളുകള് കുഴഞ്ഞുവീഴുകയായിരുന്നു.
Content Highlights-Shashi tharoor mp on vijay rally stampede