'ഇന്ത്യൻ പൗരന്മാരല്ല'; ബിഹാറിൽ 80,000 മുസ്‌ലിങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ ബിജെപി ശ്രമം; റിപ്പോർട്ട്

ബിഹാറിലെ ധാക്ക മണ്ഡലത്തിലാണ് വോട്ട് വെട്ടാന്‍ ശ്രമം നടന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്

പാട്‌ന: ബിഹാറില്‍ മുസ്‌ലിം വോട്ടുകള്‍ വെട്ടാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. 80,000 മുസ്‌ലിം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് 'ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്' ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിലെ ധാക്ക മണ്ഡലത്തിലാണ് വോട്ട് വെട്ടാന്‍ ശ്രമം നടന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ധാക്കയിലെ ബിജെപി എംഎല്‍എ പവന്‍ കുമാര്‍ ജയ്സ്വാളിന്റെ പേഴ്സണൽ സ്റ്റാഫിന്റെ പേരിലും പട്നയിലെ ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയുടെ പേരിലുമാണ് വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയത്. 78,000ത്തിലധികം മുസ്‌ലിം വോട്ടര്‍മാര്‍ ഇന്ത്യന്‍ പൗരന്മാരല്ല എന്ന് ആരോപിച്ചാണ് വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. വോട്ടുകള്‍ കൂട്ടത്തോടെ വെട്ടാന്‍ നല്‍കിയ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ജില്ലാ ഓഫീസര്‍ (ഇആര്‍ഒ), സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് അപേക്ഷ നല്‍കിയത്. 'ധാക്ക നിയോജക മണ്ഡലത്തില്‍ മുസ്‌ലിം വോട്ടര്‍മാരെ കൂട്ടത്തോടെ ഇല്ലാതാക്കാനും ഒറ്റപ്പെടുത്താനുമുള്ള ആസൂത്രിതവും ലക്ഷ്യബോധത്തോടെയുമുള്ള ശ്രമമാണിത്. തെറ്റായ വിവരങ്ങള്‍ നല്‍കി വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം കാണിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ധാക്കയിലെ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന ശ്രമത്തിനെതിരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിച്ചില്ല', റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ ഒന്നിനാണ് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറങ്ങുന്നത്.

റിപ്പോര്‍ട്ടിനെ കുറിച്ച് പവന്‍ ജയ്‌സ്വാള്‍ പ്രതികരിച്ചില്ല. എന്നാല്‍ പ്രതിപക്ഷമായ ആര്‍ജെഡി 40,000 ഹിന്ദു വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു. പക്ഷേ എംഎല്‍എ തെളിവ് നല്‍കാന്‍ നിരസിച്ചെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പ്രദേശവാസികള്‍ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ബിജെപി നീക്കം ചെയ്യാന്‍ ശ്രമിച്ച പട്ടികയില്‍ അധ്യാപകര്‍, ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍, പുതുതായി രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു.

Content Highlights: Report says BJP try to exclude 80000 Muslim Voters in Voters list from Bihar

To advertise here,contact us