വിദ്യാര്‍ത്ഥിനികളുടെ ലൈംഗിക പീഡന പരാതി; ഒളിവിലായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ

ചൈതന്യാനന്ദക്കെതിരെ 17 വിദ്യാർത്ഥിനികളാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്

ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണ വിധേയനായ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. പരാതികൾക്ക് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന ചൈതന്യാനന്ദയെ ആഗ്രയിൽവെച്ചാണ് പൊലീസ് പിടികൂടിയതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോ. പാർത്ഥസാരഥി എന്ന ചൈതന്യാനന്ദക്കെതിരെ 17 വിദ്യാർത്ഥിനികളാണ് പരാതിയുമായി രംഗത്ത് വന്നത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

ഇദ്ദേഹം രാത്രി വൈകിയും പെൺകുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളിൽ കൂടെവരാൻ നിർബന്ധിക്കുമായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലിൽ ആരും കാണാതെ കാമറകൾ സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് ചൈതന്യാനന്ദ.

ഇയാൾക്കെതിരെ മുമ്പും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2009-ൽ ഡിഫൻസ് കോളനിയിൽ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട്, 2016-ൽ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകൾ പുനഃപരിശോധിക്കുന്നുണ്ട്.

നിലവിലെ കേസിൽ, പരാതിക്കാരെല്ലാം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ (പിജിഡിഎം) വിദ്യാർത്ഥികളാണ്. പൊലീസ് നിരവധി വിദ്യാർത്ഥിനികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ശാരദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബേസ്‌മെന്റിൽ നിന്ന് പ്രതി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു വോൾവോ കാർ പൊലീസ് പിടിച്ചെടുത്തിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ ഇയാളെ ആശ്രമത്തിന്റെ വിവിധ ചുമതലകളിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചിരുന്നു.

Content Highlights: Delhi Baba Swami Chaitanyananda Saraswati Accused Of Molesting 17 Women At Ashram Arrested From Agra

To advertise here,contact us