ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ കടുത്ത ആരാധകനായ മുരുകന് തന്റെ അമ്മയെയും കൂട്ടി തന്റെ ഹീറോയെ കാണാന് ടിവികെ നടത്തുന്ന റാലിയില് എത്തി. എന്നാല് അവിടെ അവരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മുരുകന്റെ അമ്മ ജയ(55)ക്ക് ജീവൻ നഷ്ടമായി. മുരുകന് നെഞ്ചിന് സാരമായി പരിക്കേറ്റു. ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടി കരൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മുരുകൻ.
കരൂരിലെ ദുരന്തം വാർത്തയിലൂടെയാണ് അറിയുന്നതെന്ന് ജയയുടെ സഹോദരൻ പറഞ്ഞു. അവർ വിജയ്യെ കാണാൻ പോയ വിവരം ആ സമയം അറിഞ്ഞിരുന്നില്ല. ഒരു ബന്ധു വിളിക്കുമ്പോഴാണ് വിവരം അറിയുന്നത്. ആ സമയം തന്നെ താൻ കരൂരിലേക്ക് തിരിച്ചു. കരൂരിൽ തെരച്ചിലിനൊടുവിൽ ലഭിച്ചത് ജയയുടെ മൃതദേഹമായിരുന്നു. മുരുകന് നെഞ്ചിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുണ്ടെന്നും ജയയുടെ സഹോദരൻ പറഞ്ഞു. മുരുകൻ വലിയ വിജയ് ആരാധകനായിരുന്നുവെന്നും മാതൃസഹോദരൻ കൂട്ടിച്ചേർത്തു.
ഇന്നലെ വൈകിട്ടായിരുന്നു വിജയ്യുടെ റാലിക്കിടെ വന് അപകടം നടന്നത്. റാലിയില് പ്രതീക്ഷിച്ചതിലധികം ആളുകള് എത്തിയതോടെ നാല്പ്പതിലധികം പേര്ക്ക് ജീവന് നഷ്ടമായ വന് ദുരന്തുമുണ്ടായി. പരിപാടിയില് പങ്കെടുക്കാന് ആറ് മണിക്കൂര് വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്ക്ക് വിജയ് വെള്ളക്കുപ്പികള് എറിഞ്ഞുകൊടുക്കാന് ശ്രമിച്ചിരുന്നു. ഇത് പിടിക്കാന് ആളുകള് ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ആളുകള് കുഴഞ്ഞുവീഴുകയായിരുന്നു.
Content Highlight; Brother of woman killed in Tamil Nadu stampede