ആളുകള്‍ ചവിട്ടിക്കൊന്നു എന്റെ മക്കളെ; മരിച്ചവരിൽ പ്രതിശ്രുത വരനും വധുവും പിഞ്ചുകുഞ്ഞുങ്ങളും; ഉള്ളുലഞ്ഞ് തമിഴകം

കേള്‍വിശക്തിയും സംസാര ശേഷിയില്ലാത്ത യുവതിയുടെ മകനാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായ ഒന്നരവയസുകാരൻ ധ്രുവ് കൃഷ്ണ

ചെന്നൈ: കണ്ണീര്‍ക്കടലായി കരൂര്‍. ടിവികെ നേതാവും സിനിമാ താരവുമായ വിജയിയെ കാണാനെത്തിയ സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമുള്‍പ്പെടെ തിക്കിലും തിരക്കിലുംപെട്ട് ജീവന്‍ നഷ്ടമായത് 39 പേര്‍ക്കാണ്. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി പൊട്ടിക്കരയുന്ന ബന്ധുക്കളുടെ ഹൃദയഭേദകമായ കാഴ്ചയാണ് കരൂരില്‍ നിന്നും കാണാനാകുന്നത്. പിഞ്ചുകുഞ്ഞുങ്ങളും ഗർഭിണികളും പ്രതിശ്രുത വരനും വധുവും മരിച്ചവരിലുണ്ട്.

ഇവരുടെ വേർപാട് കുടുംബങ്ങളെ സംബന്ധിച്ച് താങ്ങാവുന്നതിലും അധികമാണ്. അടുത്തമാസമാണ് 24 കാരായ ആകാശിന്‍റെയും ഗോകുലിന്‍റെയും വിവാഹം നടക്കേണ്ടിയിരുന്നത്. പുതിയ ജീവിതം സ്വപ്നം കണ്ട ഇരുവരെയും പക്ഷെ മരണമെടുത്തു. കരൂറിലാണ് റാലിയെന്ന് പറഞ്ഞതുകൊണ്ടാണ് ഇരുവരെയും പോകാന്‍ അനുവദിച്ചതെന്നും അറിയാവുന്ന ഒരാളുടെ വീടിന് മുകളില്‍ നില്‍ക്കാം എന്ന് പറഞ്ഞാണ് പോയതെന്നും ബന്ധുക്കള്‍ പറയുന്നു.

'അടുത്ത മാസം കല്യാണമായിരുന്നു. രണ്ടുപേരും പോയി…കരൂറിലാണ് റാലി എന്ന് പറഞ്ഞതുകൊണ്ടാണ് പോകാന്‍ അനുവാദം നല്‍കിയത്. അറിയാവുന്ന ഒരാളുടെ വീടിന് മുകളില്‍ നില്‍ക്കാം എന്ന് പറഞ്ഞാണ് അവര്‍ പോയത്. ആളുകള്‍ ചവിട്ടിക്കൊന്നു എന്റെ മക്കളെ… കൂടെ എന്റെ മകനും ഉണ്ടായിരുന്നു. അവന്‍ രക്ഷപ്പെട്ടു. വിജയ് വിജയ് എന്ന് പറഞ്ഞ് എല്ലാവരും മരിച്ചല്ലോ…'എന്നാണ് ഇരുവരുടെയും ബന്ധുവായ സ്ത്രീ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്.

കരൂര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ഉറ്റവരെ ഓര്‍ത്ത് അലറിക്കരയുന്നവര്‍ക്കിടയില്‍ ഉറക്കെ കരയാന്‍ പോലുമാകാതെ ഒരമ്മ കൂടിയുണ്ട്. ഒന്നര വയസുകാരന്‍ ധ്രുവ് വിഷ്ണുവിന്റെ അമ്മ. കേള്‍വി ശക്തിയോ സംസാര ശേഷിയോ ഇല്ലാത്ത യുവതിയുടെ മകനാണ് ധ്രുവ് കൃഷ്ണ. ധ്രുവിനെ റാലിക്ക് കൊണ്ടുപോയത് അവരുടെ ബന്ധുവായിരുന്നു.

ദുരന്തത്തിൽ മരിച്ചവരിൽ ഒരു അമ്മയും മകളുമുണ്ട്. ഏഴൂർ പുത്തൂർ സ്വദേശിനി പ്രിയദർശനിയും മകൾ 14 കാരി ധർണികയുമാണ് മരിച്ചത്. ഇങ്ങനെ ഉറ്റവരുടെ അപ്രതീക്ഷിത വേർപ്പാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് തമിഴ്നാട്.

ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. കരൂര്‍ ദുരന്തത്തില്‍ 17 സ്ത്രീകളും അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ഉള്‍പ്പെടെ 39 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 111 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 50 പേര്‍ കരൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും 61 പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കും.

Content Highlights: Bride and groom among those killed in vijay tvk rally karur

To advertise here,contact us