ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി. ഡിജിപി ഓഫീസില് ഇമെയില് വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്ന്ന് വിജയ്യുടെ വീട്ടില് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയതായാണ് റിപ്പോര്ട്ടുകള്. കരൂരില് വിജയ് നടത്തിയ റാലിയില് തിക്കിലും തിരക്കിലുംപെട്ട് നാല്പത് പേര് മരിച്ചിരുന്നു. ഇതിന്റെ പേരില് വിജയ്ക്കെതിരെ വ്യാപക വിമര്ശനം ഉയരുന്നതിനിടെയാണ് വിജയ്യുടെ വീടിന് നേരെ ബോംബ് ഭീഷണി.
ഇന്നലെ വൈകിട്ടായിരുന്നു വിജയ്യുടെ റാലിക്കിടെ വന് അപകടം നടന്നത്. പരിപാടിയില് പങ്കെടുക്കാന് ആറ് മണിക്കൂര് വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്ക്ക് വിജയ് വെള്ളക്കുപ്പികള് എറിഞ്ഞുകൊടുക്കാന് ശ്രമിച്ചിരുന്നു. ഇത് പിടിക്കാന് ആളുകള് ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ആളുകള് കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ഉടന് തന്നെ കരൂര് മെഡിക്കല് കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ നാല്പത് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില് പത്ത് കുട്ടികളും പതിനാറ് സ്ത്രീകളും 12 പുരുഷന്മാരും പൊലീസുകാരും ഉള്പ്പെടുന്നു.
സംഭവത്തില് തമിഴ്നാട് സര്ക്കാര് അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള് ഒരു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് വിജയ്യും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്ക്ക് രണ്ട് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്.
Content Highlights- Bomb squard searched actor vijays home after bomb threat