'പിഴവ് അറിയാതെ സംഭവിക്കുന്നത്, തെറ്റ് അറിഞ്ഞുകൊണ്ട് ചെയ്യുന്നത്; ആവർത്തിക്കാതിരിക്കാൻ നോക്കണം: സത്യരാജ്

'ഛെ' എന്ന് പറഞ്ഞാണ് സത്യരാജ് വീഡിയോ അവസാനിപ്പിക്കുന്നത്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാവും നടനുമായ വിജയ്‌ക്കെതിരെ നടന്‍ സത്യരാജ്. തെറ്റ് ചെയ്തവര്‍ തിരുത്താന്‍ ശ്രമിക്കണമെന്നും ആവര്‍ത്തിക്കാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ വഴിയായിരുന്നു സത്യരാജിന്റെ വിമര്‍ശനം. 'ഛെ' എന്ന് പറഞ്ഞാണ് സത്യരാജ് വീഡിയോ അവസാനിപ്പിക്കുന്നത്.

'പിഴവ് അറിയാതെ സംഭവിക്കുന്നതാണ്. തെറ്റ് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്. പിഴവ് സംഭവിച്ചവര്‍ തിരുത്താന്‍ ശ്രമിക്കണം. തെറ്റ് ചെയ്തവര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കണം. ചെറിയ പിഴവാണെങ്കില്‍ തിരുത്തണം. അറിയാതെ സംഭവിച്ചതാണെങ്കില്‍ ഇനി ആവര്‍ത്തിക്കാതെ നോക്കണം. ഛെ', എന്നാണ് സത്യരാജ് വീഡിയോയില്‍ പറയുന്നത്.

കരൂര്‍ ദുരന്തത്തിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്ന് തന്നെ വിജയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു നടി ഓവിയ പ്രതികരിച്ചത്. മരിച്ച ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ദുരന്തം നടന്നയുടന്‍ വിശാല്‍ പ്രതികരിച്ചത്. ബിജെപി നേതാവ് കൂടിയായ ശരത് കുമാറും വിജയ്‌യെ വിമര്‍ശിച്ച് രംഗത്തെത്തി.

അതേസമയം വിജയ്‌യുടെ ചെന്നൈയിലെ വസതിക്ക് നേരെ ബോംബ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിജിപി ഓഫീസില്‍ ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിജയ്യുടെ വീട്ടില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകിട്ടായിരുന്നു വിജയ്‌യുടെ റാലിക്കിടെ വന്‍ അപകടം നടന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. ദുരന്തത്തില്‍ 40 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Content Highlights: Actor Satyaraj against Vijay on Karur tragedy

To advertise here,contact us