'ബിജെപിയുമായി ഒരിക്കലും ചേര്‍ന്ന് പോകില്ല': ഡിഎംകെയും ബിജെപിയും തമ്മില്‍ അവിശുദ്ധകൂട്ടുകെട്ടെന്ന് വിജയ്

ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വിജയ് പറഞ്ഞു

ചെന്നൈ: ബിജെപിയുമായി ഒരിക്കലും ചേര്‍ന്ന് പോകില്ലെന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. ഡിഎംകെയും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഡിഎംകെയ്ക്ക് വോട്ടുചെയ്യുന്നത് ബിജെപിക്ക് വോട്ടുചെയ്യുന്നതു പോലെയാണെന്നും വിജയ് പറഞ്ഞു. നാമക്കലില്‍ നടന്ന പര്യടനത്തിനിടെയായിരുന്നു വിജയ്‌യുടെ പരാമര്‍ശം. ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി. 'ബിജെപി തമിഴ്‌നാടിന് എന്തുചെയ്തു? നീറ്റ് ഒഴിവാക്കിയോ? തമിഴ്‌നാടിന് അര്‍ഹമായ ഫണ്ട് തന്നോ?: വിജയ് ചോദിച്ചു. 2026-ലെ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഡിഎംകെ നേതാവും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ വിജയ്ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. താന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല എന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. ആഴ്ച്ചയില്‍ ഒരുദിവസം മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളല്ല താനെന്നും മിക്ക ദിവസങ്ങളിലും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ഉദയനിധി പറഞ്ഞു. ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും തനിക്കറിയില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. വിജയ്‌യുടെ ശനിയാഴ്ചകളിലെ ജില്ലാ പര്യടന പരിപാടിയെ പരിഹസിച്ചായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

'ഞാന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല. എല്ലാ ദിവസവും ജനങ്ങളെ കാണുന്നയാളാണ്. ആഴ്ച്ചയില്‍ നാലോ അഞ്ചോ ദിവസം ഞാന്‍ പുറത്തായിരിക്കും. ശനിയാഴ്ച മാത്രമല്ല ഞായറാഴ്ച്ചയും പുറത്തായിരിക്കും. ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും എനിക്കറിയില്ല. ഇന്ന് വെളളിയാഴ്ച്ചയാണോ? എനിക്കറിയില്ല. ഞാനത് നോക്കാറില്ല. ഞാന്‍ പല ജില്ലകളിലും പോകുമ്പോള്‍ അവിടെ നിവേദനങ്ങളുമായി ആളുകള്‍ നില്‍ക്കുന്നുണ്ടാകും. യുവജനവിഭാഗം നേതാവായിരുന്നപ്പോള്‍ കുറച്ച് നിവേദനങ്ങള്‍ ലഭിച്ചിരുന്നു. എംഎല്‍എ ആയപ്പോള്‍ അത് അധികമായി. മന്ത്രിയായപ്പോള്‍ നിവേദനങ്ങളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. ഉപമുഖ്യമന്ത്രി ആയപ്പോൾ ലഭിക്കുന്ന നിവേദനങ്ങള്‍ വയ്ക്കാന്‍ വണ്ടിയില്‍ സ്ഥലമില്ലാത്ത അവസ്ഥയായി. എങ്കിലും ഞാന്‍ വണ്ടിനിര്‍ത്തി എന്നെക്കാണാന്‍ വരുന്ന അമ്മപെങ്ങന്മാരോട് സംസാരിക്കും': എന്നാണ് ഉദയനിധി പറഞ്ഞത്.

Content Highlights: Will never join hands with BJP: Vijay says DMK and BJP have an unholy alliance

To advertise here,contact us