ചെന്നൈ: തമിഴ്നാട്ടിലെയും ഉത്തരേന്ത്യയിലെയും സ്ത്രീകളെ താരതമ്യം ചെയ്തുകൊണ്ട് തമിഴ്നാട് വ്യവസായ മന്ത്രി ടിആർബി രാജ നടത്തിയ പരാമർശം വിവാദത്തിൽ. എത്തിരാജ് വനിതാ കോളേജിൽ നടന്ന ഒരു പരിപാടിയിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു വിവാദ പരാമർശം. തമിഴ്നാട്ടിലും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും സ്ത്രീ ആയിരിക്കുന്നതിൽ വ്യത്യാസമുണ്ടെന്നും ഉത്തരേന്ത്യയിൽ സ്ഥിതി മറ്റൊന്നുമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉത്തരേന്ത്യയിൽ, നമ്മൾ ഒരു സ്ത്രീയെ കാണുമ്പോൾ ആദ്യത്തെ ചോദ്യം, നിങ്ങളുടെ ഭർത്താവ് എവിടെയാണ് ജോലി ചെയ്യുന്നത് എന്നാണ്. എന്നാൽ തമിഴ്നാട്ടിൽ, ഒരു സ്ത്രീയോട് ചോദിക്കുന്ന ചോദ്യം, നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത് എന്നാണ്. ഈ മാറ്റം ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ലെന്നും തമിഴ്നാട്ടിൽ ഇത് മാറാൻ ഒരു നൂറ്റാണ്ടിന്റെ പരിശ്രമം വേണ്ടിവന്നുവെന്നും രാജ പറഞ്ഞു.
'തമിഴ്നാട്ടിലും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും സ്ത്രീ ആയിരിക്കുന്നതിൽ വ്യത്യാസമുണ്ട്. 100 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ സ്ത്രീകളെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. ഉത്തരേന്ത്യയിൽ സ്ഥിതിക്ക് മാറ്റമില്ല. ഉത്തരേന്ത്യയിൽ, നമ്മൾ ഒരു സ്ത്രീയെ കാണുമ്പോൾ, ആദ്യത്തെ ചോദ്യം, നിങ്ങളുടെ ഭർത്താവ് എവിടെയാണ് ജോലി ചെയ്യുന്നത് എന്നാണ്. തമിഴ്നാട്ടിൽ, ഒരു സ്ത്രീയോട് ചോദിക്കുന്ന ചോദ്യം, നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത് എന്നാണ്. ഈ മാറ്റം ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല. കുറഞ്ഞത് തമിഴ്നാട്ടിൽ ഒരു നൂറ്റാണ്ടിന്റെ പരിശ്രമം വേണ്ടിവന്നു”, മന്ത്രി പറഞ്ഞു.
രാജയുടെ അഭിപ്രായത്തെ പിന്തുണച്ച് മുതിർന്ന ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ രംഗത്തെത്തി. "മതപരമായ ആചാരങ്ങൾ കാരണം ഉത്തരേന്ത്യയിലെ സ്ത്രീകൾ പലപ്പോഴും വീട്ടമ്മമാരായി ഒതുങ്ങുന്നു. അവർ മനുസ്മൃതി പിന്തുടരുന്നു, നമ്മൾ അത് പിന്തുടരുന്നില്ല. ഡിഎംകെ സർക്കാർ എല്ലായ്പ്പോഴും സ്ത്രീകളെ ശാക്തീകരിക്കാൻ പ്രവർത്തിച്ചിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ പരാമർശം കടുത്ത വിമർശനത്തിനും ഇടയാക്കി. “വീണ്ടും ഡിഎംകെ യുപി, ബിഹാർ, ഉത്തരേന്ത്യന് സംസ്ഥാനങ്ങളെ അപമാനിച്ചു”, ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല എക്സിൽ കുറിച്ചു.
തമിഴ്നാട്ടിൽ ഇത്തരത്തിലുള്ള പരാമർശം ഉണ്ടാകുന്നതും വിവാദത്തിലാകുന്നതും ഇതാദ്യമല്ല. ഈ വർഷം ആദ്യം, ഉത്തരേന്ത്യയിൽ ഒരു സ്ത്രീക്ക് 10 പുരുഷൻമാരെ വരെ വിവാഹം ചെയ്യാമെന്ന തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. തമിഴ്നാടിന്റെ സംസ്കാരമാണ് മികച്ചതെന്നും ഉത്തരേന്ത്യക്കാർ ബഹുഭാര്യത്വം പ്രോത്സാഹിപ്പിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞിരുന്നു.
Content Highlights: Tamil Nadu Minister says women in North India still judged by husbands