ഡല്ഹി: അദാനി ഗ്രൂപ്പിനെ സംബന്ധിച്ചുള്ള വാര്ത്തകള് നല്കുന്നതില് നിന്നും മാധ്യമപ്രവര്ത്തകന് പരഞ്ജോയ് ഗുഹ താക്കുര്ത്തയ്ക്ക് ഏര്പ്പെടുത്തിയ വിലക്ക് നീക്കി ഡല്ഹി കോടതി. താക്കുര്ത്തയെയും മറ്റ് മാധ്യമപ്രവര്ത്തകരെയും ഗൗതം അദാനിയുടെ അദാനി എന്റര്പ്രൈസസ് ലിമിറ്റഡിനെതിരായ വാര്ത്തകള് നല്കുന്നതില് നിന്നും സിവില് കോടതി വിലക്കിയിരുന്നു. ഈ വിലക്കാണ് രോഹിണി കോടതിയിലെ ജില്ലാ ജഡ്ജി സുനില് ചൗധരി നീക്കിയത്.
മുതിര്ന്ന സിവില് ജഡ്ജ് വാദം കേട്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കും വരെ താക്കുര്ത്തയെ വിലക്കിയ ഉത്തരവ് അനുസരിക്കേണ്ടതില്ലെന്ന് സുനില് ചൗധരി വ്യക്തമാക്കി. ഗാഗ് ഉത്തരവ് പുറപ്പെടുവിച്ച സിവില് ജഡ്ജ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് താക്കുര്ത്തയെയും മറ്റ് മാധ്യമപ്രവര്ത്തകരെയും കേള്ക്കണമെന്നും ഡല്ഹി കോടതി നിര്ദേശിച്ചു. നേരത്തെ മാധ്യമപ്രവര്ത്തകര് രവി നായര്, അബിര് ഗാസ്ഗുപ്ത, അയ്സ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവര്ക്കെതിരായ വിലക്ക് രോഹിണി കോടതി നീക്കിയിരുന്നു. അദാനിക്കെതിരായ ലേഖനങ്ങള് വളരെക്കാലമായി പരസ്യമായി ലഭ്യമാണെന്ന് കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
പരഞ്ജോയ് ഗുഹ താക്കുര്ത്ത, രവി നായര്, അബിര് ദാസ്ഗുപ്ത, ആയസ്കന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗണ് ഫൗണ്ടേഷന്, ഡ്രീംസ്കേപ്പ് നെറ്റ്വര്ക്ക് ഇന്റര്നാഷണല് പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഡൊമെയ്ന് ഡയറക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്ക്കെതിരെ അദാനി എന്റര്പ്രൈസസ് ലിമിറ്റഡ് നല്കിയ ഹര്ജി പരിഗണിച്ചായിരുന്നു സിവില് കോടതിയുടെ നടപടി.
അദാനി എന്റര്പ്രൈസസ് ലിമിറ്റഡിന്റെ പ്രശസ്തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവര്ത്തനങ്ങള് തടസപ്പെടുത്താനും മാധ്യമപ്രവര്ത്തകര് ലക്ഷ്യമിടുന്നുവെന്നായിരുന്നു അദാനി കമ്പനിയുടെ ആരോപണം. അദാനി കമ്പനിക്കെതിരെ അപകീര്ത്തികരമായ റിപ്പോര്ട്ടുകള് പ്രസിദ്ധീകരിക്കരുതെന്നും സിവില് കോടതി ഉത്തരവിട്ടിരുന്നു.
Content Highlights: Delhi court lifts order banning Thakurta from reporting news about Adani Group