'യുവാക്കളുടെ തൊഴിലില്ലായ്മ അക്രമത്തിലേക്ക് നയിച്ചു, ലഡാക്കില്‍ കോണ്‍ഗ്രസിന് സ്വാധീനമില്ല'; സോനം വാങ്ചുക്

യുവതലമുറയുടെ പൊട്ടിത്തെറിയാണ് അവരെ തെരുവിലിറക്കിയതെന്നും സോനം വാങ്ചുക്

ലേ: ലഡാക്കിലെ യുവാക്കളുടെ തൊഴിലില്ലായ്മയാണ് അവരെ അക്രമത്തിലേക്ക് നയിച്ചതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക്. യുവതലമുറയുടെ പൊട്ടിത്തെറിയാണ് അവരെ തെരുവിലിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലേത് ജെന്‍ സി വിപ്ലവമാണെന്നും സോനം വാങ്ചുക് പറഞ്ഞു. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സോനത്തിന്റെ പ്രതികരണം.

'യുവതലമുറയുടെ പൊട്ടിത്തെറിയാണ് അവരെ തെരുവിലിറക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവര്‍ തൊഴില്‍ രഹിതരാണ്. തൊഴിലില്‍ നിന്ന് തുടര്‍ച്ചയായി ഒഴിവാക്കപ്പെടുന്നു. അതുപോലെ ലഡാക്കിന്റെ ആവശ്യങ്ങളും പൂര്‍ത്തീകരിച്ചില്ല. ഇതാണ് സാമൂഹ്യ അശാന്തിക്കുള്ള കാരണം. അവര്‍ മാത്രമാണ് ഞങ്ങളുടെ പിന്തുണക്കാരെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. എന്നാല്‍ മുഴുവന്‍ ലഡാക്കും ഞങ്ങളുടെ കൂടെയുണ്ട്. ഇതൊരു ജെന്‍ സി വിപ്ലവമായിരുന്നു', സോനം വാങ്ചുക് പറഞ്ഞു.

അക്രമത്തിലേര്‍പ്പെടരുതെന്ന് താന്‍ യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സോനം വാങ്ചുക് പറഞ്ഞു. അത് തങ്ങളുടെ അഞ്ച് വര്‍ഷത്തെ പരിശ്രമത്തെ ഇല്ലാതാക്കും. ഇത് നമ്മുടെ പാതയല്ല. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുകയാണ് തങ്ങളുടെ ശ്രമം. തങ്ങളുടെ സമാധാന സന്ദേശം സര്‍ക്കാര്‍ കേള്‍ക്കണമെന്നാണ് എന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇതുപോലൊന്ന് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ലഡാക്ക് ഇന്ന് ജെന്‍ സി പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചു. അവര്‍ ആരെയും ശ്രദ്ധിക്കാറില്ല. അവര്‍ക്ക് വെടിയുണ്ടകളെയും പേടിയില്ല. അഞ്ചാം തവണയാണ് ഞങ്ങള്‍ നിരാഹാര സമരമിരിക്കുന്നത്. സമാധാനപരമായ സമരം ഇന്ന് അക്രമത്തിലേക്ക് പോകുകയായിരുന്നു. സമാധാനപരമായ സമരത്തിന് ഫലമുണ്ടാകില്ലെന്നാണ് യുവാക്കള്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവാക്കള്‍ ഞങ്ങളോട് ഇത് പറയുന്നുണ്ടായിരുന്നു', സോനം വാങ്ചുക് പറഞ്ഞു.

15 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം ആഭ്യന്തര വകുപ്പ് ചര്‍ച്ചയ്ക്കുള്ള തീയ്യതി നല്‍കിയിരുന്നുവെന്നും ഇത് ആളുകളുടെ ദേഷ്യം വര്‍ധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആറാം ഷെഡ്യൂളിന് അഞ്ച് വര്‍ഷം മുമ്പുള്ളത് പോലെ തന്നെ പ്രസക്തിയുണ്ട്. 2020ല്‍ സമാന സാഹചര്യത്തില്‍ ഞങ്ങളുടെ നേതാക്കളോട് ചര്‍ച്ച നടത്താന്‍ ഡല്‍ഹിയില്‍ നിന്ന് ആളുകളെ അയച്ചിരുന്നു. ചര്‍ച്ചയുടെ തീയ്യതി നിശ്ചയിക്കുന്നതിലെ കാലതാമസമാണ് യുവാക്കളുടെ രോഷം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ന് പ്രതിഷേധം നടത്തിയ ജെന്‍ സിയുടെ മുഖം ഞങ്ങള്‍ കണ്ടിട്ടില്ല. ഇതുവരെ യുവാക്കള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്നും പ്രതിഷേധത്തില്‍ പ്രായമായവര്‍ മാത്രമേ പങ്കെടുക്കുന്നുള്ളുവെന്നതുമായിരുന്നു ഞങ്ങളുടെ പരാതി. നേരത്തെ 25-30 യുവാക്കളായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇന്ന് അത് ഞങ്ങളുടെ സങ്കല്‍പ്പത്തിനുമപ്പുറമായിരിക്കുന്നു. കോണ്‍ഗ്രസിന്റെ വാക്ക് കേട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങാനുള്ള സ്വാധീനം കോണ്‍ഗ്രസിന് ലഡാക്കിലില്ല', സോനം വാങ്ചുക് വ്യക്തമാക്കി.

Content Highlights: Sonam Wangchuk about Gen z protest in Ladakh

To advertise here,contact us