'ബേബി ഐ ലവ് യൂ, മുറിയിലേക്ക് വരണം';വിദ്യാർത്ഥിക്ക് ചൈതന്യാനന്ദയുടെ സന്ദേശം, അനുസരിച്ചില്ലെങ്കിൽ മാർക്ക് വെട്ടൽ

'രാത്രി വൈകിയും പെൺകുട്ടികളെ മുറിയിലേക്ക് വിളിച്ചുവരുത്തും, വിദേശയാത്രകളിൽ കൂടെവരാൻ നിർബന്ധിക്കും'

ന്യൂഡൽഹി: ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് മേധാവിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന ഡോ. പാർത്ഥസാരഥിക്കെതിരെ വിദ്യാർത്ഥിനികൾ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും 17 പെൺകുട്ടികളാണ് മൊഴി നൽകിയത്.

രാത്രി വൈകിയും പെൺകുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളിൽ കൂടെവരാൻ നിർബന്ധിക്കുമായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലിൽ ആരും കാണാതെ കാമറകൾ സ്ഥാപിച്ചിരുന്നതായും എഫ്‌ഐഐആറിൽ പറയുന്നു.

വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് ചൈതന്യാനന്ദ. ഫോൺ മുഖേന അശ്ലീല സന്ദേശങ്ങൾ അയക്കുന്നതിനൊപ്പം രാത്രിയിൽ മുറിയിലേക്ക് ക്ഷണിക്കും. വിദേശ യാത്രയിൽ കൂടെ വരണമെന്നും യാത്രാ ചെലവ് താൻ വഹിക്കാമെന്നും പറഞ്ഞതായി വിദ്യാർത്ഥികൾ മൊഴിനൽകി.

ആദ്യമായി ചൈതന്യാനന്ദയെ കണ്ടപ്പോൾ അദ്ദേഹം മോശം രീതിയിലാണ് തന്നെ നോക്കിയതെന്നും തനിക്ക് പരിക്ക് പറ്റിയതിന്റെ മെഡിക്കൽ വിവരങ്ങൾ അദ്ദേഹത്തിന് അയക്കാൻ പറഞ്ഞത് പ്രകാരം കൈമാറിയെന്നും എന്നാൽ പിന്നീട് 'ബേബി ഐ ലവ് യൂ' എന്ന സന്ദേശമാണ് ചൈതന്യാനന്ദയിൽനിന്നും തനിക്ക് ലഭിച്ചതെന്നും 21 കാരിയായ വിദ്യാർത്ഥിനി പറഞ്ഞു.

സന്ദേശങ്ങളോട് പ്രതികരിക്കാതിരുന്ന തന്നെ വീണ്ടും വീണ്ടും മെസേജ് അയച്ച് നിർബന്ധിക്കാന്‍ തുടങ്ങി. ഇക്കാര്യം കോളേജ് അധികൃതരോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. സമാന സാഹചര്യം സീനിയറായ വിദ്യാർത്ഥിനികൾ നേരിട്ടിരുന്നുവെന്ന് അറിഞ്ഞു. മറുപടി നൽകാത്തതിനെ തുടർന്ന് ഹാജറിൽ ക്രമക്കേട് കാണിച്ചെന്ന് ആരോപിച്ച് തനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പരീക്ഷ പേപ്പറിൽ മാർക്ക് കുറച്ചു. 2025ൽ ചൈത്യാനന്ദ ബിഎംഡബ്ല്യു കാർ വാങ്ങിയിരുന്നു. അതിന്റെ പൂജയ്ക്കായി ഋഷികേശിലേക്ക് തന്നെയും സുഹൃത്തുക്കളേയും സ്വാമി നിർബന്ധിച്ച് കൊണ്ടുപോയി. ആ യാത്രയിലെല്ലാം ഞങ്ങൾക്കുനേരെ മോശം വാക്കുകളും പ്രയോഗങ്ങളുമാണ് അദ്ദേഹം നടത്തിയതെന്നും യുവതി പറയുന്നു.

തിരിച്ചെത്തിയ തന്നോട് ചില മുതിർന്ന ടീച്ചർമാർ ചൈത്യാനന്ദ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഹോളി ദിവസം തന്നെ അദ്ദേഹം കോളേജിലെ ഓഫീസ് റൂമിലേക്ക് വിളിച്ചുവരുത്തി. ബേബി എന്നു വിളിച്ചപ്പോൾ താൻ അത് വിലക്കി. എന്നാൽ അനുവാദം കൂടാതെ തന്നെ അയാൾ വീഡിയോയിൽ പകർത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. ജൂണിൽ 35 യുവതികളും ടീച്ചർമാരും ചൈതന്യാനന്ദയും ഉൾപ്പടെ ഋഷികേശിലേക്ക് ഇന്റസ്ട്രിയൽ വിസിറ്റിനായി പോയിരുന്നു. അന്ന് രാത്രിയിൽ ഓരോ യുവതികളെയും അദ്ദേഹം മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും പെൺകുട്ടി പറയുന്നുണ്ട്.

സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന ഡോ. പാർത്ഥസാരഥിക്കെതിരെ 17 വിദ്യാർത്ഥികളാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്വാമി ചൈതന്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങൾക്കും കേസ് രജിസ്റ്റർ ചെയ്തതായി സൗത്ത് വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി പൊലീസ് കമീഷണർ അമിത് ഗോയൽ പറഞ്ഞു.

ഇയാൾക്കെതിരെ മുമ്പും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2009-ൽ ഡിഫൻസ് കോളനിയിൽ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നീട്, 2016-ൽ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകൾ പുനഃപരിശോധിക്കുന്നുണ്ട്.

നിലവിലെ കേസിൽ, പരാതിക്കാരെല്ലാം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ (പിജിഡിഎം) വിദ്യാർത്ഥികളാണ്. പൊലീസ് ഇതുവരെ 32 വിദ്യാർത്ഥിനികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സ്വാമി ചൈതന്യാനന്ദ നിലവിൽ ഒളിവിലാണ്. ശാരദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബേസ്മെന്റിൽ നിന്ന് പ്രതി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു വോൾവോ കാർ കണ്ടെത്തിയിട്ടുണ്ട്. ഇത് പൊലീസ് പിടിച്ചെടുത്തു. ഇയാളെ ആശ്രമത്തിന്റെ വിവിധ ചുമതലകളിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചിരുന്നു.

Content Highlights: Delhi institute chief Chaitanyananda harassed women on text messages

To advertise here,contact us