സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും ഡി രാജ; ഇത് മൂന്നാം ഊഴം

പുതിയ ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെയാണ് ഡി രാജ സ്ഥാനത്തുതന്നെ തുടരാന്‍ തീരുമാനമായത്

ന്യൂഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് രാജ എത്തുന്നത്. പുതിയ ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെയാണ് ഡി രാജ സ്ഥാനത്തുതന്നെ തുടരാന്‍ തീരുമാനമായത്. നിലവില്‍ എഴുപത്തിയാറുകാരനായ ഡി രാജ തമിഴ്‌നാട്ടില്‍ നിന്നുളള ദളിത് നേതാവാണ്. കോളേജ് പഠനകാലത്ത് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെയാണ് ഡി രാജ രാഷ്ട്രീയത്തിലേക്ക് എത്തിയത്.

1975 മുതല്‍ 1980 വരെ ഓള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്റെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. 1985 മുതല്‍ 1990 വരെ ഓള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ ദേശീയ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1994 മുതല്‍ 2019 വരെ സിപിഐ ദേശീയ സെക്രട്ടറിയായി. 2007-ലും 2013-ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളിലും അംഗമായിരുന്നു ഡി രാജ. 2019 ജൂലൈയില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് എസ് സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ജനറല്‍ സെക്രട്ടറി പദവിലെത്തിയത്. 2022-ല്‍ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ എക്‌സിക്യൂട്ടീവില്‍ പ്രായപരിധിയെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. 75 വയസ് കഴിഞ്ഞ എല്ലാവരും വിരമിക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജ വികാരാധീനനാകുകയായിരുന്നു. പാര്‍ട്ടിക്കായി ജീവിതം മാറ്റിവെച്ച ആളാണ് താനെന്ന് രാജ യോഗത്തില്‍ പറഞ്ഞു. ഇതോടെ പ്രായപരിധിയില്‍ ഇളവ് നല്‍കാന്‍ കേരളഘടകം വഴങ്ങുകയായിരുന്നു. പക്ഷേ 75 വയസ് പൂര്‍ത്തിയായ മറ്റ് നേതാക്കള്‍ നിര്‍ബന്ധമായി വിരമിക്കണമെന്ന് കേരള ഘടകം നിലപാടെടുക്കുകയായിരുന്നു. മൂന്നര മണിക്കൂർ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് രാജയ്ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കാന്‍ തീരുമാനമായത്. 

ബിനോയ് വിശ്വം, കെ പി രാജേന്ദ്രന്‍, ജെ ചിഞ്ചുറാണി, അഡ്വ. പി വസന്തം, രാജാജി മാത്യു തോമസ്, പി പ്രസാദ്, കെ രാജന്‍, പി പി സുനീര്‍, ജി ആര്‍ അനില്‍, ചിറ്റയം ഗോപകുമാര്‍, ഗോവിന്ദന്‍ പളളിക്കാപ്പില്‍, ടി ജെ അഞ്ചലോസ് എന്നിവരാണ് കേരളത്തില്‍ നിന്നുളള സിപിഐ ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍. പ്രായപരിധിയില്‍ പുറത്താകുന്ന കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളെ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളാക്കാനാണ് തീരുമാനം. ഇതോടെ ഡോ. കെ നാരായണ, പല്ലഭ് സെന്‍ ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവര്‍ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളാകും. ഇവര്‍ക്ക് ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനാകും.

അതേസമയം, ഡി രാജയ്‌ക്കെതിരെ ചില പ്രതിനിധികള്‍ രംഗത്തെത്തി. രാജയ്ക്ക് മാത്രം പ്രായപരിധി ഇളവ് നല്‍കുന്നതിനെതിരെയാണ് പ്രതിനിധികള്‍ രംഗത്തെത്തിയത്. ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ലതാ ദേവി പറഞ്ഞു. റിപ്പോര്‍ട്ട് അവതരണത്തിനിടെയായിരുന്നു പ്രതികരണം. വി എസ് സുനില്‍കുമാറും രാജാജി മാത്യു തോമസും പ്രായപരിധി ഇളവിനെതിരെ സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.

Content Highlights: D Raja Elected as CPI General Secretary for the third time

To advertise here,contact us