ഛണ്ഡീഗഡ്: സിപിഐ ജനറല് സെക്രട്ടറിയായി ഡി രാജ തുടരും. രാജക്ക് മാത്രം പ്രായപരിധിയില് ഇളവ് നല്കുമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ അറിയിച്ചു. 75 വയസ്സ് പൂര്ത്തിയാക്കിയ മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങള് വിരമിക്കും. ഇന്ന് ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും ഡോ. കെ നാരായണ വ്യക്തമാക്കി.
പ്രായപരിധി മുന്നിര്ത്തി ഡോ. കെ നാരായണ, പല്ലഭ് സെന് ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവരെ ഒഴിവാക്കും. ദേശീയ എക്സിക്യൂട്ടീവില് പ്രായപരിധിയെ ചൊല്ലി തര്ക്കമുണ്ടായിരുന്നു. 75 വയസ്സ് കഴിഞ്ഞ എല്ലാവരും വിരമിക്കണമെന്നായിരുന്നു ആദ്യ നിര്ദേശം. എന്നാല് യോഗത്തില് ജനറല് സെക്രട്ടറി രാജ വികാരധീനനാകുകയായിരുന്നു.
പാര്ട്ടിക്കായി ജീവിതം മാറ്റിവെച്ച ആളാണ് താനെന്ന് രാജ യോഗത്തില് പറഞ്ഞു. ഇതോടെ പ്രായപരിധിയില് ഇളവ് നല്കാന് കേരളഘടകം വഴങ്ങുകയായിരുന്നു. പക്ഷേ 75 വയസ്സ് പൂര്ത്തിയായ മറ്റ് നേതാക്കള് നിര്ബന്ധമായി വിരമിക്കണമെന്ന് കേരള ഘടകം നിലപാടെടുക്കുകയായിരുന്നു. മൂന്നര മണിക്കൂറ് നീണ്ട ചര്ച്ചയ്ക്കൊടുവിലാണ് രാജയ്ക്ക് പ്രായപരിധിയില് ഇളവ് നല്കാന് തീരുമാനമായത്. സെക്രട്ടറിയേറ്റിലും കൗണ്സിലിലും പ്രായപരിധി പാലിച്ച് പുതിയ ആളുകളെ കൊണ്ടുവരാനാണ് നീക്കം. ജനറല് സെക്രട്ടറി പദത്തില് തുടരാന് രാജ താല്പര്യപ്പെട്ടപ്പോള് നേരത്തെ ഉയര്ന്ന് കേട്ട എഐടിയുസി ജനറല് സെക്രട്ടറി അമര്ജിത് കൗര് മൗനം പാലിക്കുകയായിരുന്നു. ദേശീയ സെക്രട്ടറി ആനി രാജയും മൗനം പാലിച്ചു.
പ്രായപരിധി കര്ശനമായി പാലിക്കണമെന്ന കേരള നിലപാടിനൊപ്പമായിരുന്നു തമിഴ്നാട്. പ്രായപരിധി നടപ്പാക്കണമെന്ന് പറഞ്ഞെങ്കിലും രാജയ്ക്ക് ഇളവ് നല്കുന്നതിനെ മഹാരാഷ്ട്ര അനുകൂലിച്ചു. എന്നാല് പ്രായപരിധി നടപ്പാക്കി പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു ആന്ധ്രപ്രദേശും തെലങ്കാനയും. എന്നാല് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കാതെ പോയ ബിഹാര്, ജാര്ഖണ്ഡ്, ബംഗാള് തുടങ്ങിയ സംസ്ഥാനങ്ങള് രാജയെ നിലനിര്ത്തുന്നതിനോട് യോജിക്കുകയായിരുന്നു.
അതേസമയം രാജ്യസഭാ കക്ഷി നേതാവും പാര്ട്ടി നിര്വാഹക സമിതിയംഗവുമായ പി സന്തോഷ് കുമാറിനും പ്രകാശ് ബാബുവിനും സിപിഐ ദേശീയ സെക്രട്ടറിയേറ്റില് അവസരം ലഭിക്കുമെന്നാണ് സൂചന. പ്രായപരിധി മാനിച്ച് കേരളത്തിലെ നേതൃപദവികളില് നിന്നൊഴിഞ്ഞ മുന് അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന് ദേശീയ കൗണ്സിലില് നിന്ന് ഒഴിവാകും. വി എസ് സുനില്കുമാറിനെ പരിഗണിക്കാനും സാധ്യതയുണ്ട്.
രാജ്യത്ത് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് പാര്ട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദളിത് നേതാവാണ് ഡി രാജ. 2019 മുതല് സിപിഐയുടെ ജനറല് സെക്രട്ടറിയായി പ്രവര്ത്തിക്കുന്നു. സുധാകര് റെഡ്ഢി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഡി രാജ ആദ്യമായി ജനറല് സെക്രട്ടറിയായത്. പിന്നീട് 2022ല് വിജയവാഡയില് വെച്ച് നടന്ന പാര്ട്ടി കോണ്ഗ്രസിലും രാജ ജനറല് സെക്രട്ടറിയാകുകയായിരുന്നു.
Content Highlights: D Raja continuous as CPI General Secretary