പഹല്‍ഗാം ഭീകരാക്രമണം; ഒരാള്‍ കൂടി അറസ്റ്റില്‍

ഓപ്പറേഷന്‍ മഹാദേവിനിടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഭീകരവാദികള്‍ക്ക് സഹായം നല്‍കിയ മുഹമ്മദ് കഠാരിയ (26) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഠാരിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും. ഓപ്പറേഷന്‍ മഹാദേവിനിടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്.

കശ്മീരില്‍ കരാര്‍ ജോലികളിലേര്‍പ്പെട്ടുവന്നിരുന്ന കഠാരിയ പ്രാദേശികമായി കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ തീവ്രവാദ നിങ്ങള്‍ക്ക് സഹായം നല്‍കാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മുമ്പ് ലഷ്‌കര്‍ ഗ്രൂപ്പിന് കുല്‍ഗാം ഫോറസ്റ്റിലൂടെ നുഴഞ്ഞുകയറാന്‍ ഈ സഹായിച്ചിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പഹല്‍ഗാമില്‍ ബൈസരണ്‍ വാലിയില്‍ ഏപ്രില്‍ 22ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഈ ആക്രമണത്തിന് തിരിച്ചടിയായി മേയ് 7ന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു.

Content Highlights: Kashmir man who provided logistical support to Pahalgam terrorists arrested

To advertise here,contact us