ലേ യില്‍ കർഫ്യൂ പ്രഖ്യാപിച്ചു, ഞങ്ങളുടെ ഓഫീസ് കത്തിച്ചത് നിങ്ങളുടെ 'ജെൻ സി'യെന്ന് രാഹുലിനോട് ബിജെപി എംപി

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നടന്ന പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും 70 പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്

ലേ: സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ തുടർന്ന് ലഡാക്കിലെ ലേ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയാണ് കർഫ്യൂ ഏർപ്പെടുത്തിയകാര്യം അറിയിച്ചത്. കലാപമുണ്ടാക്കുന്നവരെ തടയണമെന്ന് രാഷ്ട്രീയ പാർട്ടികളോടും മതവിഭാഗങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാവരും സമാധാനം പാലിക്കണമെന്നും ലെഫ്റ്റനന്റ് ഗവർണർ ആവശ്യപ്പെട്ടു.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നടന്ന പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും 70 പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലേയിൽ നടന്ന പ്രതിഷേധത്തിൽ ലേ അപെക്‌സ് ബോഡിയുടെ യുവജന വിഭാഗം ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തതോടെ പ്രതിഷേധ അക്രമാസക്തമാകുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ലേ ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും വിലക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങൾ തെരുവിലിറങ്ങിയത്. അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയതതിന് പിന്നാലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. അക്രമത്തിലൂടെ ഒന്നും നേടാനാകില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. സമാധാനം പാലിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം യുവാക്കളോട് എക്സിലൂടെ ആവശ്യപ്പെട്ടു.

അതേസമയം വിഷയത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി നിഷികാന്ത് ദുബെ രംഗത്തുവന്നു. ലഡാക്കിൽ ബിജെപിയുടെ ഓഫീസ് തീവെച്ച് നശിപ്പിച്ചത് രാഹുലിന്റെ പാർട്ടിയിലെ 'ജെൻ സി'യാണെന്നും കോൺഗ്രസിന്റെ വാർഡ് മെമ്പറാണെന്നുമായിരുന്നു ദുബെയുടെ പ്രതികരണം. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും ജെൻ സികളും ഭരണഘടനയെ സംരക്ഷിക്കുമെന്നുറപ്പുണ്ടെന്ന രാഹുലിന്റെ മുൻ പരാമർശത്തെ കൂടി വിമർശിച്ചായിരുന്നു ദുബെയുടെ പ്രസ്താവന. തീ കൊണ്ട് കളിക്കുന്നതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നും ബിജെപി പ്രവർത്തകരെ വെല്ലുവിളിക്കുന്നത് നിർത്തൂവെന്നും ദൂബെ എക്‌സിൽ കുറിച്ചു.

Content Highlights: Curfew imposed after violent clashes at Leh , BJP MP Nishikant Dubey links Rahul Gandhi to agitation

To advertise here,contact us