ചെന്നൈ: സംസ്ഥാന സര്ക്കാരിനെ ദുര്ബലപ്പെടുത്താന് ബിജെപി നിരന്തരം പ്രശ്നങ്ങള് സൃഷ്ടിക്കുകയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്. അപ്പോഴും ഡിഎംകെ സര്ക്കാര് മികച്ച രീതിയില് പ്രവര്ത്തിച്ച് മുന്നോട്ട് പോവുകയാണെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
'ബിജെപി നിരന്തരം പ്രശ്നങ്ങള് സൃഷ്ടിക്കാന് ശ്രമിക്കുകയാണ്. അപ്പോഴും ഡിഎംകെ സര്ക്കാര് മികച്ചരീതിയില് മുന്നോട്ട് പോകുന്നു. ഇത് സംഘികളെയും അവരെ പിന്തുണയ്ക്കുന്നവരെയും പ്രശ്നത്തിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് അവര് ഭാഷ അവകാശം അടക്കം പുതിയ പ്രശ്നങ്ങളുമായി എത്തുന്നതെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ അവര് ഹിന്ദിയും സംസ്കൃതയും അടിച്ചേല്പ്പിക്കാനുള്ള ശ്രമത്തിലാണ്. അതിര്ത്തി നിര്ണ്ണയത്തിലൂടെ അവര്ക്ക് പാര്ലമെന്റ് മണ്ഡലം 39 ല് നിന്നും 32 ആയി ചുരുക്കണം. വോട്ടര്പട്ടിക ഉള്പ്പെടെയുള്ള സമാന വിഷയത്തിലൂടെയും അവര് തമിഴ്നാടിനെ ലക്ഷ്യംവെക്കുകയാണ്. എന്നാല് നമ്മുടെ നേതാക്കള് ഇടതുകൈ ഉപയോഗിച്ച് തന്നെ ഇതെല്ലാം പരിഹരിക്കുകയാണ്. ഇത് സംഘികളെ അസ്വസ്ഥരാക്കുന്നുണ്ട് എന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില് എളുപ്പത്തില് സ്വാധീനം ചെലുത്തുമ്പോള് തമിഴ്നാട്ടില് അത് സാധിക്കാത്തതില് ബിജെപിക്ക് നിരാശയാണെന്നും തമിഴ്നാട് പിടിക്കാന് നമ്മുടെ വംശീയ ശത്രുക്കള് പുതിയ പരീക്ഷണങ്ങള് നടത്തുകയാണെന്നും ഉദയനിധി സ്റ്റാലിന് കടന്നാക്രമിച്ചു.
എഐഎഡിഎംകെയില് വിഭാഗീയയാണെന്നും ഉദയനിധി സ്റ്റാലിന് ആരോപിച്ചു. സത്തൂരില് പോലും രണ്ട് വിഭാഗങ്ങളുണ്ട്. ഡിഎംകെ കേഡര്മാര് തമ്മില് കണ്ടാല് പരസ്പരം അഭിവാദ്യം ചെയ്യുകയും നേതാക്കളെക്കുറിച്ചും പ്രസ്താവനകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം സംസാരിക്കും. എന്നാല് എഐഎഡിഎംകെ കേഡര്മാര് വളരെക്കാലത്തിന് ശേഷം നേരില്കണ്ടാല്പ്പോലും സംസാരിക്കില്ലെന്നും ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു.
Content Highlights: Sanghis irritated as DMK doing well despite BJP causing issues Mocks Udhayanidhi Stalin