പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്;വയോധികനായ കോൺഗ്രസ് പ്രവർത്തകനെ ബലമായി സാരിയുടുപ്പിച്ച് ബിജെപിപ്രവർത്തകർ

പ്രധാനമന്ത്രി സാരിയുടുത്ത് നില്‍ക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ഫോട്ടോയാണ് പ്രകാശ് മാമ പഗാരെ എന്ന എഴുപത്തിമൂന്നുകാരനായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിനു പിന്നാലെ വയോധികനായ കോണ്‍ഗ്രസ് പ്രദേശിക നേതാവിനെ ബലമായി സാരിയുടുപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറില്‍ നിന്നുളള പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബലമായി സാരിയുടുപ്പിച്ചത്. പ്രധാനമന്ത്രി സാരിയുടുത്ത് നില്‍ക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ഫോട്ടോയാണ് പ്രകാശ് മാമ പഗാരെ എന്ന എഴുപത്തിമൂന്നുകാരൻ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഇന്ന് രാവിലെ ബിജെപി കല്യാണ്‍ യൂണിറ്റ് പ്രസിഡന്റ് നന്ദു പരബും ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാവിനെ കാണാനെത്തി. തുടര്‍ന്ന് അദ്ദേഹത്തെ ബലമായി സാരിയുടുപ്പിക്കുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നു. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് പഗാരെ തന്നെ സാരിയുടുപ്പിക്കുന്ന ബിജെപി പ്രവര്‍ത്തകരോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. അദ്ദേഹത്തിന്റെ ഇരുകൈകളും ബലമായി പിടിച്ച് നടുറോഡില്‍വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ സാരിയുടുപ്പിച്ചത്. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നവര്‍ക്ക് ഇത്തരം നടപടികള്‍ നേരിടേണ്ടിവരുമെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ പറഞ്ഞു.

मुंबई से सटे कल्याण में कांग्रेस नेता मामा पगारे ने पीएम मोदी का साड़ी वाला फोटो वायरल किया तो कल्याण भाजपा ने साड़ी पहनाकर दिया जवाब #Maharashtra #MaharashtraCongress #BjpMaharashtra pic.twitter.com/zMAREXoXJU

താന്‍ ഫേസ്ബുക്കില്‍ കണ്ട ഒരു ഫോട്ടോ ഫോര്‍വേര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ വാദം. 'ഞാന്‍ ആശുപത്രിയില്‍ നില്‍ക്കുമ്പോഴാണ് ബിജെപി നേതാവ് സന്ദീപ് മാലിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ എന്നെ സന്ദീപ് മാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വളഞ്ഞു. തുടര്‍ന്ന് ആ പോസ്റ്റിനെക്കുറിച്ച് ചോദിച്ച് ഭീഷണിപ്പെടുത്തി. അവര്‍ ചെയ്യുന്നത് തെറ്റാണെന്ന് ഞാനവരോട് പറഞ്ഞതാണ്. അവര്‍ക്കെതിരെ പൊലീസ് കേസെടുക്കണം. അതിക്രമം നടത്തിയതിന് ഞാനവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും': പ്രകാശ് പഗാരെ പറഞ്ഞു. പ്രകാശ് പഗാരെ ചെയ്തതുപോലെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന നടപടി തങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ഇത് ആവര്‍ത്തിച്ചാല്‍ ഇന്ന് ചെയ്തതുപോലുളള നടപടികള്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിക്കുമെന്നും പ്രാദേശിക ബിജെപി നേതാവ് നരേന്ദ്ര ശര്‍മ വ്യക്തമാക്കി.

Content Highlights: BJP workers force elderly Congress leader to wear saree for abusive post against PM

To advertise here,contact us