മൊഹാലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. സവർക്കർ ഗുരു എന്ന് അഭിമാനത്തോടെ പറയുന്ന വ്യക്തിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ട്രംപിന്റെ നികുതി ഭീകരതയ്ക്ക് മറുപടി പറയാൻ ആളില്ല. ഇന്ത്യ-പാക് യുദ്ധം അടക്കം വിവിധ യുദ്ധങ്ങൾ നിർത്തിയതിന് നോബൽ സമ്മാനം ചോദിക്കുകയാണ് ട്രംപെന്നും എംഎ ബേബി പരിഹസിച്ചു. ഛണ്ഡീഗഡിൽ നടക്കുന്ന സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് പാർട്ടികളുടെ ഐക്യം പ്രധാനമാണ്. ശക്തിയും ദൗർബല്യവും അറിയണമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. മാവോയിസ്റ്റുകൾക്കെതിരായ സുരക്ഷാ സേനയുടെ ആക്രമണം ഉന്നയിച്ച ബേബി കേന്ദ്ര സർക്കാർ മാവോയിസ്റ്റുകളുമായി ചർച്ചയ്ക്ക് തയാറാകുന്നില്ലെന്നും ആരോപിച്ചു. ആദിവാസികളിലെ ചെറുത്തുനിൽപ്പ് പൂർണമായി ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന് കേരളത്തിൽ മേധാവിത്വമുണ്ട്. കൂടുതൽ ശക്തിപ്പെടണം. കേരളത്തിൽ മാത്രമാണ് ഇടത് ഭരണമുള്ളത്. തുടർച്ചയായി ഭരണം കിട്ടിയത് രാഷ്ട്രീയ അത്ഭുതമാണ്.
വീണ്ടും തുടർ ഭരണത്തിലേക്കാണ് കേരളം പോകുന്നത്. തുടർ ഭരണം ആവർത്തിക്കുമെന്നും എംഎ ബേബി പറഞ്ഞു. വേദിയിൽ ഭക്ഷ്യമന്ത്രി ജി ആർ അനിലിനെ എം എ ബേബി അഭിനന്ദിച്ചു. ഓണക്കാലത്ത് ഭക്ഷ്യ ദൗർബല്യം ഉണ്ടായില്ല. കേരളത്തിലെ ഇടത് ബദൽ രാജ്യമാകെ ഉയർത്തിക്കാട്ടണമെന്നും വേദിയിൽ കേരളത്തെ പുകഴ്ത്തിക്കൊണ്ട് സിപിഐഎം ജനറൽ സെക്രട്ടറി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തനായെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിലും എം എ ബേബി പ്രതികരിച്ചു. പിണറായി വിജയൻ എങ്ങനെയുള്ള കമ്മ്യൂണിസ്റ്റ് ആണെന്ന് തനിക്ക് നേരിട്ടറിയാം. വെള്ളാപ്പള്ളി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിരീക്ഷണവുമാണെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
Content Highlights: ma baby against narendra modi