ഇനി അക്ഷയയില്‍ പോകുമ്പോള്‍ പണം ഇത്തിരി അധികം കരുതണം; രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി

പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും വര്‍ധനവുണ്ട്.

തിരുവനന്തപുരം: രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 ആയി വര്‍ദ്ധിപ്പിച്ചു. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25 രൂപ കൂട്ടി. പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും വര്‍ധനവുണ്ട്. മുമ്പ് 30 രൂപയായിരുന്നതിന് ഇനി മുതല്‍ 50 രൂപ നല്‍കണം.

അതെ സമയം പുതുക്കിയ ജിഎസ്ടി നിരക്കുമായി ഇന്ത്യ ജിഎസ്ടി 2.0 ലേക്ക് കടക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് സാധാരണക്കാരന് അത് നല്‍കുന്നത്. ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിച്ച പലര്‍ക്കും ജിഎസ്ടി 2.0 വലിയ ആശ്വാസം പകരുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്. 40,000ത്തില്‍ തുടങ്ങി 30 ലക്ഷം വരെയാണ് കാറുകളില്‍ പുതുക്കിയ ജിഎസ്ടി കൊണ്ടുവരുന്ന കിഴിവ്. ഇതില്‍ പ്രീമിയം ആഡംബര എസ്യുവികള്‍ മുതല്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ വരെ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വാഹന മേഖലയില്‍ വലിയ പരിഷ്‌കരണങ്ങളിലൊന്നായി മാറുകയാണ് ജിഎസ്ടി 2.0.

കാറുകളില്‍ മാരുതി സുസുക്കിയുടെ ബജറ്റ് കാറുകള്‍ മുതല്‍ റേഞ്ച് റോവറിന്റെ പ്രീമിയം എസ്യുവികള്‍ക്ക് വരെ വലിയ ലാഭം ലഭിക്കും. ഇരുചക്ര വാഹനങ്ങളിലും ഹോണ്ട ആക്ടീവ, ഷൈന്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ക്ക് ലാഭം പ്രതീക്ഷിക്കാം.

മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെയും വില കുറയും. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍ കുറയും.

നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 രൂപയ്ക്ക് ലഭിക്കും.

500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപ ആകും. പനീറിന്റെ ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. മില്‍മ വാനില ഐസ്‌ക്രീമിന് 220 രൂപയായിരുന്നു. ഇത് 196 രൂപയായി കുറയും. നേരത്തെ ഉണ്ടായിരുന്ന ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാല്‍ 24 രൂപയുടെ കിഴിവ് ലഭ്യമാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

Content Highlights: Aadhaar service fee increased in the country

To advertise here,contact us