മക്കളില്ലാത്ത സഹോദരിയുടെ സങ്കടം കണ്ടുനില്‍ക്കാന്‍ വയ്യ; അയല്‍ക്കാരന്റെ കുട്ടിയെ തട്ടിക്കൊണ്ട് പോയി ദമ്പതികള്‍

സഹോദരിയുടെ വിഷമത്തിന് എങ്ങനെയെങ്കിലും പരിഹാരം കാണണമെന്ന് ബബിത തീരുമാനിച്ചിരുന്നു

ലുധിയാന: രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. നിലവില്‍ കുഞ്ഞ് സുരക്ഷിതനെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച്ചയായിരുന്നു സംഘം കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. ലുധിയാനയിലേക്ക് തൊഴില്‍ അന്വേഷിച്ച് എത്തിയ ദമ്പതികളുടെ കുഞ്ഞിനെയാണ് പുറത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായത്. ഇതേതുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിന്നാലെ, പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അധികം അന്വേഷണത്തിന്റെ ആവശ്യമില്ലാതെ തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇതിന് സഹായിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അയല്‍ക്കാരാണെന്നും ഇവര്‍ ബീഹാറിലേക്ക് കടന്നതായും പൊലീസ് കണ്ടെത്തി. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ ഇവര്‍ കയറിയ ബസ് തടഞ്ഞ് പൊലീസ് കുട്ടിയെ തിരികെ കൊണ്ടുവന്നു.

സംഭവത്തില്‍ രമേശ് കുമാര്‍, ചന്ദന്‍ സാഹ്നി, ബബിത, ബബിതയുടെ ഭര്‍ത്താവ് ജെന്നത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ കുഞ്ഞിനെ വാങ്ങാന്‍ തയ്യാറായ റിത ദേവി, ഭര്‍ത്താവ് സന്തോഷ് സാഹ്നി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്ന മറ്റ് കാര്യങ്ങള്‍ പൊലീസ് മനസിലാക്കിയത്. അറസ്റ്റിലായവരില്‍ ബബിതയാണ് ഇക്കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്തത്. ബബിതയുടെ സഹോദരിയാണ് റിത. റിതയ്ക്കും സന്തോഷിനും കുഞ്ഞുങ്ങളുണ്ടായിരുന്നില്ല.

കുഞ്ഞില്ലാത്തതില്‍ റിതയ്ക്ക് ഏറെ വിഷമമുണ്ടായിരുന്നു. സഹോദരിയുടെ വിഷമത്തിന് എങ്ങനെയെങ്കിലും പരിഹാരം കാണണമെന്ന് ബബിത തീരുമാനിച്ചിരുന്നു. ഇതിനായി അവര്‍ ചന്ദ്രന്‍, സുഭാഷ് എന്നീ സുഹൃത്തുക്കളെ സമീപിച്ചു. 1.29 ലക്ഷം രൂപ നല്‍കിയാല്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ട് വന്ന് കൊടുക്കാമെന്നായിരുന്നു ഇവര്‍ ബബിതയോട് പറഞ്ഞത്. തുടര്‍ന്ന് ബബിതയുടെ വീടിനടുത്തുള്ള കുഞ്ഞിനെ തന്നെ ഇവര്‍ തട്ടിക്കൊണ്ട് വരികയായിരുന്നു. കുഞ്ഞിനെ കടത്തിക്കൊണ്ട് പോയ ഉടന്‍ തന്നെ തങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു എന്ന് പ്രതികള്‍ക്ക് മനസിലായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടാനാണ് സംഘം ബിഹാറിലേക്ക് തിരിച്ചത്. സംഭവത്തില്‍ കുഞ്ഞിനെ കുടുംബത്തിന് തിരികെ നല്‍കി.

Content Highlight; Punjab couple held for kidnapping toddler for childless sister

To advertise here,contact us