ബെംഗളൂരു: കര്ണാടകയില് ഗാര്ഹിക തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിനായി ശമ്പള കാര്ഡ് നിലവില് കൊണ്ടുവരാന് തീരുമാനം. സാമൂഹിക സുരക്ഷ, മിനിമം വേതനം, പെന്ഷന് ആനുകൂല്യങ്ങള് എന്നിവ ഉറപ്പാക്കുന്ന പുതിയ ഗാര്ഹിക തൊഴിലാളി ബില്ലിന്റെ പ്രധാനഭാഗമായിരിക്കും ഈ പരിഷ്കരണങ്ങള്. കൂടാതെ ഇതുമായി ബന്ധപ്പെട്ട പദ്ധതി സര്ക്കാര് ഇടയ്ക്കിടെ നിരീക്ഷിക്കുകയും പുതുക്കുകയും ചെയ്യും.
നിലവില് കര്ണാടകയില് ഗാര്ഹിക തൊഴിലാളികള്ക്ക് വേതനത്തിന്റെ കാര്യത്തില് നഗര- ഗ്രാമ പ്രദേശങ്ങളുടെ അടിസ്ഥാനത്തില് വലിയ വ്യത്യാസങ്ങളുണ്ട്. പല തൊഴിലാളികള്ക്കും ചെയ്യുന്ന ജോലിക്ക് മതിയായ പണം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബില് അവതരിപ്പിക്കാന് പദ്ധതിയിടുന്നത്. ചെയ്യുന്ന ജോലികള്ക്കും സമയത്തിനും അനുപാതമായി വേതനം നിശ്ചയിക്കാനാണ് തീരുമാനം.
വീട്ടുജോലികളില് ഏര്പ്പെടുന്നതില് നിരവധിയാളുകള് പീഡനം അനുഭവിക്കുന്നു എന്ന റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരിഷ്കരണത്തിനൊരുങ്ങുന്നതെന്ന് കര്ണാടക തൊഴില് മന്ത്രി സന്തോഷ് ലാഡ് അറിയിച്ചു. തൊഴിലാളികളെ രജിസ്റ്റര് ചെയ്യിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ജോലി ചെയ്യുന്നവരുടെ എണ്ണം, അവര്ക്ക് വൈദ്യസഹായങ്ങളോ മറ്റോ ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക എന്ന് മന്ത്രി വ്യക്തമാക്കി.
Content Highlight; Karnataka to Introduce Fixed Rate Card for Domestic Workers