ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പേരെടുത്ത് വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്. പ്രതിസന്ധിയിലായ തമിഴ് ജനതയെ കാണാതെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിദേശത്തേക്ക് കടന്നുവെന്നായിരുന്നു വിമർശനം. തീരദേശ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുംവരെ കൂടെ നിൽക്കുമെന്നും നാഗപട്ടണത്തെ റാലിയിൽ വിജയ് ഉറപ്പു നൽകി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ടാം ഘട്ട പര്യടനമാണ് തുടരുന്നത്.
തീരദേശ ജില്ലയായ നാഗപട്ടണത്തെ ആവേശത്തിലാക്കിയാണ് ടിവികെ അധ്യക്ഷന്റെ പര്യടനം. കുറിക്കുകൊള്ളുന്ന പ്രസംഗത്തിലുടനീളം ലക്ഷ്യം വെച്ചത് തമിഴ്നാട് മുഖ്യമന്ത്രിയെയായിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ പരിഹാരം കാണേണ്ട മുഖ്യമന്ത്രി അടിക്കടി വിദേശത്ത് പോകുന്നതിനെയാണ് വിജയ് പ്രധാനമായും വിർമശിച്ചത്. സംസ്ഥാനത്തിനുള്ള വിദേശ നിക്ഷേപത്തിനായാണോ അതോ വിദേശത്ത് കുടുംബത്തിന്റെ നിക്ഷേപത്തിനാണോ സന്ദർശനം എന്നായിരുന്നു വിജയ് ഉന്നയിച്ച ചോദ്യം.
ടിവികെ വാരാന്ത്യ റാലി സംഘടിപ്പിക്കുന്നതിനെ കഴിഞ്ഞ ദിവസം സ്റ്റാലിൻ വിർമശിച്ചിരുന്നു. അതിനും വിജയ് കൃത്യമായ മറുപടി നൽകി. അധികാരം ഉപയോഗിച്ച് തന്നെ വിരട്ടാൻ നോക്കേണ്ട. തെരഞ്ഞെടുപ്പിൽ ജനം തന്റെ കൂടെനിൽക്കുമെന്നാണ് വിജയ് പറഞ്ഞത്. തീരദേശമേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. മത്സ്യബന്ധന മേഖലയിലെ ആളുകളുടെ പ്രശ്നങ്ങളിൽ പരിഹാരം കാണുമെന്ന് നെല്ലിക്കാടി മാരിയമ്മന്റെയും വേളാങ്കണ്ണി മാതാവിന്റേയും പേരിൽ വിജയ് ജനങ്ങൾക്ക് ഉറപ്പു നൽകി.
അതേസമയം താൻ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ തടസപ്പെടുത്താൻ അനാവശ്യ നിബന്ധനകൾ വെക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തി. ആളുകളുടെ ജോലി തടസപ്പെടാതിരിക്കാനാണ് ശനിയാഴ്ചകളിൽ മാത്രം പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: TVK president Vijay criticizes Tamil Nadu Chief Minister MK Stalin