മൈസൂരു: ദസറ ഉത്സവം ബുക്കര് പ്രൈസ് ജേതാവ് ബാനു മുഷ്താഖ് തന്നെ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയായ ബാനു മുഷ്താഖ് മുസ്ലിം വിഭാഗത്തില്പ്പെടുന്ന ആളായതിനാല് ദസറ ഉദ്ഘാടനം ചെയ്യരുതെന്ന ഹര്ജി സുപ്രീം കോടതി തള്ളി. ഹര്ജിക്കാരന്റെ ആവശ്യം തള്ളുന്നതോടൊപ്പം ഭരണഘടനാ ആമുഖം വായിച്ചിട്ടുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു. ഭരണഘടനയിലെ മതേതരത്വം ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീം കോടതി ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുന്നതിനെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹര്ജി പരിഗണിച്ചത്.
ദസറ ഉദ്ഘാടനം ചെയ്യാന് ബാനു മുഷ്താഖിനെ തിരഞ്ഞെടുത്ത കര്ണാടക സര്ക്കാരിന്റെ തീരുമാനത്തിന് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബെംഗളൂരു സ്വദേശി എച്ച് എസ് ഗൗരവിന്റെ ഹര്ജി. എന്നാല് അഹിന്ദുവായ ഒരാളെ പൂജ ചെയ്യാന് അനുവദിക്കില്ലെന്ന ഇയാളുടെ ഹര്ജി സുപ്രീം കോടതി അംഗീകരിച്ചില്ല.
ദസറ ആഘോഷത്തിന്റെ ഉദ്ഘാടന കര്മം നാട മുറിച്ചും ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാര്ച്ചന നടത്തിയുമാണ് നിര്വഹിക്കേണ്ടത്. ഇത് ഹിന്ദു വിഭാഗത്തിന്റെ മതപരവും ആത്മീയവുമായ ചടങ്ങാണെന്നായിരുന്നു ഗൗരവിന്റെ അഭിഭാഷകന് വാദിച്ചത്. അവരെ തിരഞ്ഞെടുത്തത് സംസ്ഥാന സര്ക്കാരിന്റെ നടപടിയായിരുന്നു, അവരെ പങ്കെടുപ്പിക്കുന്നത് എന്തിനാണെന്നും ഹര്ജിക്കാരന്റെ അഭിഭാഷകന് ചോദിച്ചിരുന്നു.
Content Highlight; Supreme Court rejects plea challenging Banu Mushtaq's invitation to Mysuru Dasara