ജിഎസ്ടി പരിഷ്‌കാരം നിലവിൽ വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തും: നിർമ്മല സീതാരാമൻ

തിങ്കളാഴ്ചയാണ് പുതിയ ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വരിക

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇത് ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. തമിഴ്‌നാട് ഫുഡ് ആന്‍ഡ് ഗ്രയിന്‍സ് അസോസിയേഷന്റെ 80ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. തിങ്കളാഴ്ചയാണ് പുതിയ ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വരിക.

ചരക്ക് സേവന നികുതി നാല് സ്ലാബില്‍ നിന്നും രണ്ട് സ്ലാബുകളാക്കിയതോടെ ദരിദ്രരും പിന്നാക്കം നില്‍ക്കുന്നവരും മധ്യവര്‍ഗ കുടുംബങ്ങളും ചെറുകിട, ഇടത്തരം സംരഭകരും ജിഎസ്ടി പരിഷ്‌കാരം വലിയ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാലുവാണെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി രണ്ട് സ്ലാബ് ആയി കുറക്കുന്നതോടെ സാധാരണഗതിയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നും ധനമന്ത്രി പറഞ്ഞു.

2017 ല്‍ ജിഎസ്ടി നിലവില്‍ വരുന്നതിന് മുമ്പ് നികുതി അടച്ചിരുന്ന സംരംഭകരുടെ എണ്ണം 65 ലക്ഷമായിരുന്നെങ്കിലും ജിഎസ്ടി നിലവില്‍ വന്നശേഷം ഇത് 10 ലക്ഷമായി കുറഞ്ഞില്ലെന്നും സംരംഭകര്‍ക്ക് അതിന്റെ ഗുണം മനസ്സിലായെന്നും മന്ത്രി പരാമര്‍ശിച്ചു.

എന്നാല്‍ ജിഎസ്ടി നിലവിലുണ്ടായിരുന്ന എട്ട് വര്‍ഷവും സര്‍ക്കാര്‍ ആ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുകയായിരുന്നില്ലേയെന്നും ഇപ്പോള്‍ ജിഎസ് ടി പരിഷ്‌കാരങ്ങള്‍ പ്രകാരം നിരക്കുകള്‍ കുറയുകയോ പൂര്‍ണ്ണമായും നീക്കം ചെയ്തുവെന്നുമുള്ള നാടകം കളിക്കുകയാണെന്നുമുള്ള പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടിയായി എന്‍ഡിഎ സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ അങ്ങനെയൊരു കാര്യം ചെയ്യേണ്ടതില്ലെന്നായിരുന്നു നിര്‍മ്മലാ സീതാരാമന്റെ പ്രതികരണം.

Content Highlights: Nearly Rs 2 lakh crore will be in people's hand due to GST reforms Said Nirmala Sitharaman

To advertise here,contact us