ന്യൂഡൽഹി: ഇന്ത്യയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ 25 ശതമാനം പിഴ തീരുവ കുറച്ചേക്കുമെന്ന സൂചന നൽകി സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ. റഷ്യയില് നിന്ന് എണ്ണ വാങ്ങുന്നുവെന്ന കാരണത്താല് ഇന്ത്യയ്ക്ക് മേല് ട്രംപ് ഭരണകൂടം 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. എന്നാല് ഈ പിഴ തീരുവ കുറച്ചേക്കുമെന്ന സൂചനയാണ് അനന്ത നാഗേശ്വരൻ നൽകുന്നത്.
പത്ത് മുതല് 15 ശതമാനം വരെ പിഴ തീരുവ കുറച്ചേക്കാമെന്നും അനന്ത നാഗേശ്വരൻ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ തീരുമാനം നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ മർച്ചന്റ് ചേംബർ ഓഫ്കൊമേഴ്സ് ആന്റ് ഇന്റസ്ട്രി സംഘടിപ്പിച്ച പരിപാടിയില് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ അമേരിക്കൻ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.
താരിഫിനെ കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. '25 ശതമാനം തീരുവയും 25 ശതമാനം പിഴ തീരുവയും നമ്മളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആഗോളതലത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളായിരിക്കാം പിഴത്തീരുവയിലേക്ക് നയിച്ചതെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ ആഴ്ചകളിൽ നടന്ന ചില സംഭവവികാസങ്ങൾ നോക്കുമ്പോൾ നവംബർ 30 ന് ശേഷം പിഴ തീരുവ ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്', അനന്ത നാഗേശ്വരൻ പറഞ്ഞു.
ഇരട്ടി തീരുവ ഇന്ത്യയുടെ വളര്ച്ചയെ ബാധിക്കുമെന്ന് അനന്ത നാഗേശ്വരന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ഏറ്റവുമധികം പ്രതിഫലിക്കുക നടപ്പ് സാമ്പത്തിക പാദത്തിലായിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം താരിഫ് നടപടി താല്കാലികമായിരിക്കുമെന്ന സൂചനയും പങ്കുവെച്ചിരുന്നു.
Content Highlights: US May Remove 25 percentage Penal Tariff On India After november 30 says Chief Economic Adviser V Anantha Nageswaran