'ഹൈഡ്രജൻ ബോംബ് അല്ല;തെരഞ്ഞെടുപ്പ് കമ്മീഷണർ ചില വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുന്നു';രാഹുൽഗാന്ധി

നീക്കിയ വോട്ടര്‍മാരെ വാര്‍ത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ വാര്‍ത്താസമ്മേളനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ചില വിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ തെളിവുകളുണ്ട്. 100 ശതമാനം ഉറപ്പ് ഉള്ളത് മാത്രമാണ് പറയുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് എതിരായി താന്‍ ഒന്നും പറയുന്നില്ലെന്നും തെളിവുകളാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ അലന്ത് നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടാന്‍ നടത്തിയ നീക്കങ്ങളും രാഹുല്‍ ഗാന്ധി ഇതിന്റെ ഭാഗമായി ചൂണ്ടിക്കാണിച്ചു. അലന്തിൽ ആരോ 6018 വോട്ടുകള്‍ വെട്ടാന്‍ ശ്രമിച്ചുവെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. 'അലന്തിൽ എത്രവോട്ട് വെട്ടിയെന്നതില്‍ വ്യക്തതയില്ല. പക്ഷെ 6018 വോട്ടുകള്‍ വെട്ടിയത് പിടികൂടി. എല്ലാ കുറ്റകൃത്യങ്ങളും കണ്ടെത്തുന്നത് പോലെ യാദൃശ്ചികമായിട്ടായിരുന്നു ഇതും പിടികൂടിയത്. അമ്മാവന്റെ വോട്ട് വെട്ടിയതായി ബൂത്ത് ലെവല്‍ ഓഫീസര്‍ ശ്രദ്ധിച്ചു. ആരാണ് അമ്മാവന്റെ വോട്ട് വെട്ടിയതെന്ന് അവര്‍ പരിശോധിച്ചു. അയല്‍ക്കാരനാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് അമ്മാവന്റെ പേര് വെട്ടാന്‍ അപേക്ഷ നല്‍കിയതെന്ന് അവര്‍ മനസിലാക്കി. അയല്‍ക്കാരനോട് എന്തിനാണ് അമ്മാവന്റെ പേര് വെട്ടാന്‍ ശ്രമിച്ചതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്ക് അതിനെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. പേര് വെട്ടപ്പെട്ട ആളോ പേര് വെട്ടണമെന്ന് അപേക്ഷ നല്‍കിയ ആളോ അറിയാതെയാണ് പേര് വെട്ടപ്പെട്ടത്. ഈ നിലയില്‍ വോട്ടര്‍ പട്ടികയില്‍ പേര് വെട്ടുന്ന പ്രക്രിയ മറ്റാരോ ഹൈജാക്ക് ചെയ്തു', രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.

ആരോ കേന്ദ്രീകൃതമായ ഒരു ക്രിമിനല്‍ ഓപ്പറേഷന്‍ വോട്ട് കട്ടെടുക്കുന്നതിനായി ഉണ്ടാക്കിയിരുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത്തരത്തിലുള്ള ഓപ്പറേഷനിലൂടെ അലന്ത് മണ്ഡലത്തില്‍ വോട്ടര്‍മാരുടെ പേരില്‍ ആള്‍മാറാട്ടം നടത്തി. 6018 വോട്ടുകള്‍ വെട്ടുന്നതിനായി അപേക്ഷ നല്‍കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വോട്ട് വെട്ടുന്നതിനായി അപേക്ഷ നല്‍കിയ ആളുകളാരും ഈ നിലയില്‍ ഒരു അപേക്ഷ നല്‍കിയിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓണ്‍ലൈന്‍ ഫോമുകള്‍ ഉപയോഗിച്ച് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ അപേക്ഷകള്‍ ഓട്ടോമേറ്റഡായി ഫില്‍ ചെയ്യുകയായിരുന്നു. ഇതിനായി കര്‍ണാടകയ്ക്ക് വെളിയില്‍ നിന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലെ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചെന്നും കോണ്‍ഗ്രസിന് മേധാവിത്വമുള്ള ബൂത്തുകളിലെ വോട്ടുകളെ ലക്ഷ്യം വെച്ചാണ് ഇത് ചെയ്തതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.

വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും വോട്ട് കൊളള നടത്തുന്നവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് പാര്‍ട്ടി ജയിക്കുന്ന ബൂത്തുകളെ ലക്ഷ്യം വയ്ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. 'കോണ്‍ഗ്രസ് വിജയിക്കാന്‍ സാധിക്കുന്ന മണ്ഡലത്തിലെ വോട്ട് വെട്ടാന്‍ ശ്രമിച്ചു. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി വെട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനായി ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചു. ആരുടെ നമ്പറുകളാണ് ഇത്?' രാഹുല്‍ ഗാന്ധി പറഞ്ഞു. നീക്കിയ വോട്ടര്‍മാരെ വാര്‍ത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. തന്റെ പേരില്‍ 12 പേരുടെ വോട്ടുകള്‍ വെട്ടിയെന്നും തന്റെ നമ്പര്‍ ദുരുപയോഗം ചെയ്തു എന്നും വോട്ടര്‍ വെളിപ്പെടുത്തി.

ഗോദാഭായി എന്ന വയോധികയുടെ പേരിൽ ആരോ വ്യാജ ലോ​ഗ് ഇന്നുകൾ തയ്യാറാക്കിയെന്നും 12 വോട്ടുകൾ ഡിലീറ്റ് ചെയ്യുന്നതിനായി അപേക്ഷ നൽകിയെന്നും രാഹുൽ ​ഗാന്ധി തെളിവുകൾ ചൂണ്ടിക്കാണിച്ച് ആരോപണം ഉന്നയിച്ചു. ആലന്ദ് നിയമസഭാ മണ്ഡലത്തിലെ 37-ാം ബൂത്തിലെ വോട്ടറായ ​ഗോദാഭായിയെ ഉപയോ​ഗിച്ച് അതേ ബൂത്തിലെ 12 പേരുടെ വോട്ടുകൾ വെട്ടാൻ ശ്രമിച്ചതിൻ്റെ തെളിവുകളാണ് രാഹുൽ ​ഗാന്ധി പുറത്ത് വിട്ടത്. തനിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് ​ഗോദാഭായി പ്രതികരിക്കുന്ന വീഡിയോയും വാർത്താസമ്മേളനത്തിൽ രാ​ഹുൽ ​ഗാന്ധി പ്രദർശിപ്പിച്ചു. പേര് വെട്ടുന്നതിനായി അപേക്ഷ നൽകാൻ ഉപയോ​ഗിച്ച മൊബൈൽ ഫോൺ നമ്പറുകളും രാഹുൽ ​ഗാന്ധി പുറത്ത് വിട്ടു. ഈ മൊബൈൽ നമ്പറുകളെല്ലാം രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളതായിരുന്നുവെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാണിച്ചു. ആരുടേതാണ് ഈ മൊബൈൽ നമ്പറുകൾ, എങ്ങനെയാണ് അവർ ഇത് ഓപ്പറേറ്റ് ചെയ്തത്, എവിടെ നിന്നാണ് ഇത് ഓപ്പറേറ്റ് ചെയ്തത്, ഈ പ്രക്രിയ തടസ്സപ്പെടുത്തുന്നതിനായി എവിടെ നിന്നാണ് ഇവർക്ക് ഒടിപി ലഭിച്ചത് എന്നും രാഹുൽ ​ഗാന്ധി ചോദിച്ചു.

സൂര്യകാന്ത് എന്ന വോട്ടറുടെ ഐഡൻ്റിറ്റി ഉപയോ​ഗിച്ച് 12 വോട്ടർമാരുടെ പേരുകൾ 14 മിനിട്ട് കൊണ്ട് വോട്ടർപട്ടികയിൽ നിന്നും വെട്ടാൻ അപേക്ഷ നൽകിയെന്ന ആരോപണവും രാ​ഹുൽ ​ഗാന്ധി ഉന്നയിച്ചു. എന്നാൽ ഇതിനെക്കുറിച്ച് സൂര്യകാന്തിന് ഒരറിവും ഇല്ലെന്നും രാ​ഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു. 14 മിനിട്ട് കൊണ്ടാണ് 12 വോട്ടുകൾ വെട്ടാനുള്ള അപേക്ഷകൾ സൂര്യകാന്തിൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടതെന്നാണ് തെളിവുകൾ ചൂണ്ടിക്കാണിച്ചുള്ള രാഹുൽ ​ഗാന്ധിയുടെ ആരോപണം. ഇത്തരത്തിൽ വോട്ട് വെട്ടപ്പെട്ട ബബിത ചൗധരി എന്ന വോട്ടറെയും അപേക്ഷ നൽകാൻ ഉപയോ​ഗിക്കപ്പെട്ട സൂര്യകാന്തിനെയും നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയായിരുന്നു രാഹുൽ ​ഗാന്ധി തെളിവുകൾ വ്യക്തമാക്കിയത്. തൻ്റെ പേരിൽ താനറിയാതെ 12 പേരുകൾ വെട്ടാൻ അപേക്ഷ നൽകിയെന്നായിരുന്നു മാധ്യമങ്ങളുടെ മുന്നിൽ സൂര്യകാന്തിൻ്റെ വെളിപ്പെടുത്തൽ. ബബതി ചൗധരി വന്ന് ചോദിച്ചപ്പോഴാണ് തൻ്റെ പേരിലാണ് പേര് വെട്ടാനുള്ള അപേക്ഷ നൽകിയതെന്ന് വ്യക്തമായതെന്നും സൂര്യകാന്ത് വെളിപ്പെടുത്തി.

നാ​ഗരാജ് എന്ന വോട്ടറുടെ പേരിൽ വോട്ടുവെട്ടുന്നതിനായുള്ള 2 അപേക്ഷകൾ 36 സെക്കൻ്റിനുള്ളിൽ സമർപ്പിക്കപ്പെട്ടതും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാണിച്ചു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് അപേക്ഷകൾ പൂരിപ്പിക്കുന്നത് മനുഷ്യസാധ്യമായ കാര്യമല്ലെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. രണ്ട് അപേക്ഷകൾ 36 സെക്കൻ്റ് കൊണ്ട് പൂരിപ്പിക്കുന്നതിനായി ശ്രമിച്ച് നോക്കാനും രാഹുൽ ​ഗാന്ധി യുവാക്കളോട് ആവശ്യപ്പെട്ടു. അപ്പോൾ ഈ ചോദ്യത്തിന് ഉത്തരം കിട്ടുമെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

കേന്ദ്രീകൃതമായ ഒരു സംവിധാനത്തിലൂടെയാണ് ഇത്തരത്തിൽ വോട്ട് വെട്ടുന്നത് എന്ന ആരോപണത്തെ സാധൂകരിക്കുന്നതിനായുള്ള വിവരങ്ങളും വാർത്താസമ്മേളനത്തിൽ രാഹുൽ ​ഗാന്ധി പങ്കുവെച്ചു. വ്യക്തികളെ ഉപയോ​ഗിച്ചല്ല സോഫ്റ്റ്‌വെയർ ഉപയോ​ഗിച്ചാണ് ഇത് ചെയ്യുന്നതെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു. പേര് വെട്ടാൻ അപേക്ഷ നൽകിയ വോട്ടർമാരുടെ സീരിയൽ നമ്പർ 1 ആയിരുന്നു എന്നത് ചൂണ്ടിക്കാണിച്ചാണ് സോഫ്റ്റ്‌വെയർ ഉപയോ​ഗിച്ചാണ് വോട്ടുകൾ വെട്ടിയതെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞത്. ബൂത്തിലെ ആദ്യ സീരിയൽ നമ്പറായ വോട്ടറെ അപേക്ഷകനാക്കാനുള്ള നിർദ്ദേശം ആരോ ഓട്ടോമേറ്റഡ് സോഫ്റ്റ്‌വെയർ ഉപയോ​ഗിച്ച് നടപ്പിലാക്കിയെന്നും രാഹുൽ ​ഗാന്ധി വെളിപ്പെടുത്തി. അലന്ദിൽ കോൺ​ഗ്രസിന് ശക്തിയുള്ള 10 ബൂത്തുകളിലാണ് ഇത്തരത്തിൽ വോട്ട് വെട്ടൽ നടന്നതെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാണിച്ചു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ 10 ബൂത്തുകളിൽ എട്ടെണ്ണത്തിലും കോൺ​ഗ്രസിനായിരുന്നു ലീഡെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതൊരു യാദൃശ്ചികതയല്ല, ഒരു പദ്ധതിയാണെന്നും അത് കേന്ദ്രീകൃതമായി ചെയ്യുന്നതാണെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ വോട്ട് ചോരി നടത്തുന്നവരെ സംരക്ഷിക്കുന്നുവെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു. ​ഗ്യാനേഷ് കുമാറിനെതിരായ അരോപണം 100 ശതമാനം തെളിവുകളുടെ അടിസ്ഥാനത്തിൽ പറയുന്ന സത്യമാണെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന് ബോധ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് കർണാടക സിഐഡി തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളും മാധ്യമങ്ങൾക്ക് മുമ്പിൽ രാഹുൽ ​ഗാന്ധി വെളിപ്പെടുത്തി. കർണാകട സിഐഡി വോട്ട് വെട്ടലുമായി ബന്ധപ്പെട്ട് എഫ്ഐആർ ഫയൽ ചെയ്തെന്നും ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 18 മാസത്തിനിടയിൽ 18 കത്തുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചെന്നും പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി. അപേക്ഷ നൽകിയ വോട്ടർ ആരാണ്, ഫോൺ ആരുടേതാണ്, ഐ പി അഡ്രസ് എന്താണ്, OTP എവിടെയാണെന്ന് കണ്ടെത്തി തരണം തുടങ്ങിയ വിവരങ്ങൾ കർണാടക സിഐഡി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ നൽകിയിട്ടില്ലെന്നും രാഹുൽ ​ഗാന്ധി വെളിപ്പെടുത്തി. എന്നാൽ 18 കത്തിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ലെന്ന് കത്തയച്ച ടൈംലൈൻ ചൂണ്ടിക്കാണിച്ച് രാഹുൽ ​ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച കേസിൻ്റെ എഫ്ഐആർ 2023 ഫെബ്രുവരിയിലാണ് കർണാടക സിഐഡി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് രാഹുൽ ​ഗാന്ധി വെളിപ്പെടുത്തിയത്. 2023 മാർച്ച് മാസത്തിലായിരുന്നു സിഐഡി ആദ്യ കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്. ഇതുവരെ കർണാടക സിഐഡി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച കാലഘട്ടം സംബന്ധിച്ച വിശദാംശങ്ങളും രാഹുൽ ​ഗാന്ധി പങ്കുവെച്ചു. അന്വേഷണം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്തംഭിപ്പിച്ചു എന്നതാണ് ഈ കേസിൻ്റെ നിലവിലെ സ്ഥിതിവിവരമെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാണിച്ചു.

കർണാകട സിഐഡിയുടെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി ഇല്ലെന്നും ഒരാഴ്ചയ്ക്കകം ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. ഇത് കൊണ്ടാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ വോട്ട് ചോരി നടത്തുന്നവരെ സംരക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചതെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

കേന്ദ്രീകൃതമായി കോൾ സെൻ്ററുകളും സോഫ്റ്റ്‌വെയറുകളും ഉപയോ​ഗിച്ച് വോട്ട് ചേർക്കുകയും വെട്ടുകയുമാണ്. ഇത് ​ഗ്യാനേഷ് കുമാറിന് അറിയാം. കർണാടകയിലെ അലന്ദിൽ മാത്രമല്ല ഇത്തരത്തിൽ സംഭവിച്ചതെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാണിച്ചു. അലന്ദിൽ നിയമനടപടി ഉണ്ടായി ഇത് പിടികൂടി. അലന്ദിൽ വോട്ട് വെട്ടിയത് പോലെ മഹാരാഷ്ട്രയിലെ രജൂര നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തുവെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു. കർണാകടയിൽ നടന്ന അതേ രീതിയിലാണ് മഹാരാഷ്ട്രയിലും ക്രമക്കേട് നടന്നതെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാണിച്ചു. ഉത്തർപ്രദേശിലും ഹരിയാനയിലും ബിഹാറിലും ഇത്തരത്തിൽ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു.

​ഗ്യാനേഷ് കുമാറിനോട് സ്വന്തം ജോലി ചെയ്യാനും അദ്ദേഹം ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാണെന്നും രാഹുൽ ​ഗാന്ധി ഓർമ്മപ്പെടുത്തി. കർണാടകയിലെ സിഐഡി ​ഗ്യാനേഷ് കുമാറിനോട് സത്യമാണ് ആവശ്യപ്പെട്ടതെന്നും ഈ സത്യം ഒരാഴാചയ്ക്കകം നൽകണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. ​ഗ്യാനേഷ് കുമാർ രാജ്യത്തിൻ്റെ ഭരണഘടനയെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി.

Content Highlights: Rahul Gandhi press meet against Chief election commissioner

To advertise here,contact us