ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ തെറ്റും അടിസ്ഥാന രഹിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധി പറഞ്ഞത് പോലെ പൊതുജനങ്ങൾക്ക് ആർക്കും തന്നെ ഓൺലൈനായി വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അലന്ദിൽ ഇത്തരം ചില ശ്രമങ്ങൾ നടന്നിരുന്നു. ചില ക്രമക്കേടുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷൻ വ്യക്തമാക്കി. അതിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷൻ അറിയിച്ചു. 2023-ൽ കോൺഗ്രസാണ് അലന്ദിൽ വിജയിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.
വോട്ടർ പട്ടികയിൽ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ട് കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. ചില വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ തെളിവുകളുണ്ട്. 100 ശതമാനം ഉറപ്പുള്ളത് മാത്രമാണ് പറയുന്നത്. കർണാടകയിൽ നിന്നുള്ള കൂടുതൽ തെളിവുകൾ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് എതിരായി താൻ ഒന്നും പറയുന്നില്ലെന്നും തെളിവുകളാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ അലന്ത് നിയമസഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടാൻ നടത്തിയ നീക്കങ്ങളും രാഹുൽ ഗാന്ധി ഇതിന്റെ ഭാഗമായി ചൂണ്ടിക്കാണിച്ചു. അലന്തിൽ ആരോ 6018 വോട്ടുകൾ വെട്ടാൻ ശ്രമിച്ചുവെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. 'അലന്തിൽ എത്രവോട്ട് വെട്ടിയെന്നതിൽ വ്യക്തതയില്ല. പക്ഷെ 6018 വോട്ടുകൾ വെട്ടിയത് പിടികൂടി. എല്ലാ കുറ്റകൃത്യങ്ങളും കണ്ടെത്തുന്നത് പോലെ യാദൃശ്ചികമായിട്ടായിരുന്നു ഇതും പിടികൂടിയത്. അമ്മാവന്റെ വോട്ട് വെട്ടിയതായി ബൂത്ത് ലെവൽ ഓഫീസർ ശ്രദ്ധിച്ചു. ആരാണ് അമ്മാവന്റെ വോട്ട് വെട്ടിയതെന്ന് അവർ പരിശോധിച്ചു. അയൽക്കാരനാണ് വോട്ടർ പട്ടികയിൽ നിന്ന് അമ്മാവന്റെ പേര് വെട്ടാൻ അപേക്ഷ നൽകിയതെന്ന് അവർ മനസിലാക്കി. അയൽക്കാരനോട് എന്തിനാണ് അമ്മാവന്റെ പേര് വെട്ടാൻ ശ്രമിച്ചതെന്ന് ചോദിച്ചപ്പോൾ അയാൾക്ക് അതിനെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. പേര് വെട്ടപ്പെട്ട ആളോ പേര് വെട്ടണമെന്ന് അപേക്ഷ നൽകിയ ആളോ അറിയാതെയാണ് പേര് വെട്ടപ്പെട്ടത്. ഈ നിലയിൽ വോട്ടർ പട്ടികയിൽ പേര് വെട്ടുന്ന പ്രക്രിയ മറ്റാരോ ഹൈജാക്ക് ചെയ്തു', രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.
ആരോ കേന്ദ്രീകൃതമായ ഒരു ക്രിമിനൽ ഓപ്പറേഷൻ വോട്ട് കട്ടെടുക്കുന്നതിനായി ഉണ്ടാക്കിയിരുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇത്തരത്തിലുള്ള ഓപ്പറേഷനിലൂടെ അലന്ത് മണ്ഡലത്തിൽ വോട്ടർമാരുടെ പേരിൽ ആൾമാറാട്ടം നടത്തി. 6018 വോട്ടുകൾ വെട്ടുന്നതിനായി അപേക്ഷ നൽകിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ട് വെട്ടുന്നതിനായി അപേക്ഷ നൽകിയ ആളുകളാരും ഈ നിലയിൽ ഒരു അപേക്ഷ നൽകിയിരുന്നില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓൺലൈൻ ഫോമുകൾ ഉപയോഗിച്ച് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ അപേക്ഷകൾ ഓട്ടോമേറ്റഡായി ഫിൽ ചെയ്യുകയായിരുന്നു. ഇതിനായി കർണാടകയ്ക്ക് വെളിയിൽ നിന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലെ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചെന്നും കോൺഗ്രസിന് മേധാവിത്വമുള്ള ബൂത്തുകളിലെ വോട്ടുകളെ ലക്ഷ്യം വെച്ചാണ് ഇത് ചെയ്തതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.
Content Highlights: election commission of india says Rahul's allegations on vote theft baseless