ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാല ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വ ചിത്രം 'ചലോ ജീതെ ഹേന്' സ്കൂളുകളിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. പ്രധാനമന്ത്രിയുടെ ബാല്യത്തെ മഹത്വപ്പെടുത്തുന്ന സിനിമ കാണാൻ വിദ്യാർത്ഥികളെ നിർബന്ധിതരാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
പാഠപുസ്തകങ്ങൾക്ക് പകരം പി ആർ സ്ക്രിപ്റ്റുകൾ നിരത്താനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. മികച്ച വിദ്യാഭ്യാസം, 21-ാം നൂറ്റാണ്ടിലേക്കുള്ള കഴിവുകൾ, തൊഴിലവസരങ്ങൾ എന്നിവയാണ് കുട്ടികൾക്ക് നൽകേണ്ടത് അല്ലാതെ സ്പോൺസേർഡ് ജീവചരിത്രം അല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഹ്രസ്വ ചിത്രം വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയിരുന്നു. വരുന്ന ഗാന്ധി ജയന്തിക്ക് മുൻപായി എല്ലാ വിദ്യാലയങ്ങളിലും ചിത്രം പ്രദർശിപ്പിക്കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. കുട്ടികളിൽ ആത്മവിശ്വാസവും സഹാനുഭൂതിയും വർധിപ്പിക്കാൻ ഈ ഹ്രസ്വ ചിത്രം പ്രചോദനമാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
അതേസമയം ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്ലാ നിയോജകമണ്ഡലങ്ങളിലും 'ചലോ ജീതെ ഹേന്' പ്രദർശിപ്പിക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. രാഷ്ട്രീയത്തിന്റെ യഥാർത്ഥ ലക്ഷ്യം സേവനമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായാണ് പ്രധാനമന്ത്രിയുടെ ബാല്യകാല ജീവിതത്തെ ആസ്പദമാക്കിയുള്ള 'ചലോ ജീതെ ഹേൻ' ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. പ്രദർശനത്തിനായി ബിഹാറിൽ 243 വാനുകൾ സജ്ജമാക്കിയതായും റിപ്പോർട്ടുകളുണ്ട്. 2018 പുറത്തിറങ്ങിയ ഹ്രസ്വ ചിത്രം മങ്കേഷ് ഹദാവാലെയാണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രധാന കഥാപാത്രം നരേന്ദ്ര എന്ന പേരുള്ളകുട്ടിയാണ്.
Content Highlights: congress against filiming of Short film 'Chalo Jeete Hain' based on Narendra Modi's childhood to be screened in schools