ചെന്നൈ: നടന് വിജയ്യുടെ രാഷ്ട്രീയ യോഗത്തിലെ ജനക്കൂട്ടം വോട്ടായി മാറുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാതെ രജനികാന്ത്. 'നോ കമന്റ്സ്' എന്നായിരുന്നു പ്രതികരണം. ജയിലര് 2 സിനിമയുടെ ഷൂട്ടിംഗിനായി പാലക്കാട്ടേക്ക് പോകുന്നതിനിടെ കോയമ്പത്തൂരിലായിരുന്നു പ്രതികരണം.
വിജയ്യുടെ ആദ്യ സംസ്ഥാന പര്യടനത്തിലേക്ക് പാര്ട്ടിയുടെ ശക്തിപ്രകടനം എന്ന നിലയില് വലിയ ആള്ക്കൂട്ടം എത്തിയിരുന്നു. റോഡ് ഷോ പാടില്ലെന്നതടക്കം കര്ശന ഉപാധികളെല്ലാം മറികടന്നായിരുന്നു തിരുച്ചിറപ്പള്ളിയിലെ പരിപാടികള്. ഓഗസ്റ്റ് 21 ന് നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെയും അംഗത്വവിതരണത്തിന്റെയും തുടര്ച്ചയായാണ് വിജയ് സംസ്ഥാന പര്യടനം ആരംഭിച്ചത്. അടുത്ത വര്ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില് കണ്ടായിരുന്നു നീക്കം. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബര് 20 വരെ തുടരും. ശനിയാഴ്ചകളിലും ഏതാനും ഞായറാഴ്ചകളിലുമാണ് പര്യടനവും പൊതുസമ്മേളനങ്ങളും നടക്കുന്നത്.
ഓഗസ്റ്റ് 21-നാണ് തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. തമിഴക വെട്രി കഴകം ആര്ക്കും തടയാന് കഴിയാത്ത ശബ്ദവും ശക്തിയുമാണെന്ന് വിജയ് സമ്മേളനത്തിൽ പറഞ്ഞിരുന്നു. തമിഴ്നാട്ടില് സൂര്യന് അസ്തമിക്കുകയാണെന്നും ഇനി ചന്ദ്രോദയമാണെന്നും വിജയ് പറഞ്ഞിരുന്നു. 2026-ല് തമിഴ്നാട്ടില് വലിയ രാഷ്ട്രീയ മാറ്റമുണ്ടാകും എന്നും ടിവികെയ്ക്ക് ഡിഎംകെ രാഷ്ട്രീയ ശത്രുവും ബിജെപി പ്രത്യയശാസ്ത്ര ശത്രുവുമാണെന്നും വിജയ് പറഞ്ഞിരുന്നു. 2024 ഫെബ്രുവരിയിലാണ് തമിഴക വെട്രി കഴകം രൂപീകരിച്ചുകൊണ്ട് വിജയ് രാഷ്ട്രീയപ്രവേശനം നടത്തിയത്. എട്ടുമാസങ്ങള്ക്കു ശേഷം ഒക്ടോബര് 27-ന് വില്ലുപുരം ജില്ലയില്വെച്ച് പാര്ട്ടിയുടെ ആദ്യ സംസ്ഥാനതല സമ്മേളനം നടന്നിരുന്നു.
Content Highlights: No Comments Rajinikanth Reacts On Large Gatherings At Vijay's TVK Event