സിംഹമായി മോദി, അമ്മ ദുർഗാദേവി, രാഹുൽ ഗാന്ധിയുൾപ്പെടെ പ്രതിപക്ഷ നേതാക്കൾ അസുരന്മാർ;ബിഹാറിൽ കൂറ്റൻ ഫ്ളക്സ്

പ്രതിപക്ഷ നേതാക്കളെ അസുരന്മാരാക്കിയും നരേന്ദ്രമോദിയെ സിംഹമാക്കിയുമാണ് പോസ്റ്റര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ ദുര്‍ഗാദേവിയാക്കി ബിഹാറില്‍ ബിജെപി പോസ്റ്റര്‍. പ്രതിപക്ഷ നേതാക്കളെ അസുരന്മാരാക്കിയും നരേന്ദ്രമോദിയെ സിംഹമാക്കിയുമാണ് പോസ്റ്റര്‍. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, തേജസ്വി യാദവ്, എം കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, ഹേമന്ത് സോറന്‍, രേവന്ത് റെഡ്ഡി എന്നിവരെയാണ് പോസ്റ്ററില്‍ അസുരന്മാരായി ചിത്രീകരിച്ചിരിക്കുന്നത്. മോദിയുടെ അമ്മയെ പ്രതിപക്ഷം അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ബിഹാറില്‍ സംസ്ഥാനവ്യാപക പ്രചാരണം നടത്തിയിരുന്നു.

വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയുടെ അമ്മയെ അധിക്ഷേപിച്ചുവെന്ന ആരോപണവുമുയര്‍ന്നിരുന്നു. അതിനുപിന്നാലെ ബിഹാര്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയും വിവാദമായിരുന്നു. തുടർന്നാണ് പട്‌നയില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് ബിജെപി സ്ഥാപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാതാവിനും എതിരായ ഡീപ് ഫേക്ക് വീഡിയോയില്‍ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളെയും ഐടി സെല്ലിനെയും പ്രതിച്ചേര്‍ത്താണ് കേസെടുത്തത്. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ്. ബിഹാര്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമത്തിലായിരുന്നു മോദിയുടെയും മാതാവിന്റെയും എഐ വീഡിയോ പ്രത്യക്ഷപ്പെട്ടത്. തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ അപേക്ഷിക്കുന്നതാണ് വീഡിയോ. 

Content Highlights: Narendra modi as lion and his mother as durga devi, opposition leaders as asuras: poster in bihar

To advertise here,contact us