ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ഹര്‍ജി; ഭഗവാനോട് തന്നെ പറയൂവെന്ന് സുപ്രീം കോടതി

വിഗ്രഹം പുനപ്രതിഷ്ഠിക്കാത്തത് വിശ്വാസിയുടെ മൗലികാവകാശ ലംഘനമാണ് എന്ന വാദം സുപ്രീം കോടതി അംഗീകരിച്ചില്ല

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യം തളളി സുപ്രീം കോടതി. ആവശ്യം വിഷ്ണു ഭഗവാനോട് തന്നെ പറയൂവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശി രാകേഷ് ദയാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ആവശ്യം അറിയിക്കേണ്ടത് കോടതിയിലല്ല, ആര്‍ക്കിയോളജി വിഭാഗത്തിലാണെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിഗ്രഹം പുനപ്രതിഷ്ഠിക്കാത്തത് വിശ്വാസിയുടെ മൗലികാവകാശ ലംഘനമാണ് എന്ന വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയുളളതാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

'നിങ്ങള്‍ കടുത്ത വിഷ്ണു ഭക്തനാണെന്ന് പറയുന്നു, അപ്പോള്‍ പോയി ഭഗവാനോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. പോയി പ്രാര്‍ത്ഥിക്കൂ. ഇതൊരു ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ്. അവിടെ എന്തെങ്കിലും ചെയ്യണമെങ്കില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അനുമതി നല്‍കേണ്ടതുണ്ട്. ക്ഷമിക്കണം': ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഹര്‍ജിക്കാരനോട് പറഞ്ഞു.

മുഗള്‍ അധിനിവേശ കാലത്ത് വിഗ്രഹം വികൃതമാക്കപ്പെട്ടുവെന്നും പുനസ്ഥാപിക്കാന്‍ സര്‍ക്കാരിന് നിരവധി തവണ നിവേദനം നല്‍കിയിട്ടും വിഗ്രഹം അതേ അവസ്ഥയില്‍ തന്നെ തുടരുകയാണെന്നും രാകേഷ് ദലാല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ചന്ദ്രവംശി രാജാക്കന്മാര്‍ നിര്‍മ്മിച്ച ഖജുരാഹോ ക്ഷേത്രങ്ങളുടെ ചരിത്രവും ഹര്‍ജിയില്‍ വിവരിക്കുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷങ്ങള്‍ക്ക് ശേഷവും വിഗ്രഹം പുനസ്ഥാപിക്കാന്‍ ആരും തയ്യാറായില്ലെന്നും വിഗ്രഹം പുനസ്ഥാപിക്കാന്‍ വിസമ്മതിക്കുന്നത് ഭക്തരുടെ ആരാധനയ്ക്കുളള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

Content Highlights: Pray to God yourself: Supreme court refuse to hear plea to restore khajuraho temple vishnu idol

To advertise here,contact us