ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളിൽ മൂന്നാം കക്ഷിയായി അമേരിക്കയെ പങ്കെടുപ്പിക്കാൻ ഇന്ത്യ സമ്മതിച്ചില്ലെന്ന് പാകിസ്താൻ. മൂന്നാം കക്ഷിയുടെ മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ നിലപാടെടുത്തെന്ന് പാക് വിദേശകാര്യമന്ത്രി ഇശാഖ് ദർ പറഞ്ഞു. അൽജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇശാഖ് ദർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ- പാക് പ്രശ്നം അവസാനിപ്പിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളുന്നതാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. ഇന്ത്യ- പാക് വിഷയം ഉഭയകക്ഷി വിഷയമെന്ന് ഇന്ത്യ ആവർത്തിച്ചുവെന്നും അതിൽ മൂന്നാം കക്ഷിയുടെ ഇടപെടലിന് ഇന്ത്യ അനുവദിച്ചില്ലെന്നും ഇശാഖ് ദർ പറഞ്ഞു. ഇന്ത്യയുമായി എന്തെങ്കിലും തരത്തിലുള്ള ചർച്ചകൾ നടക്കുകയോ അതിൽ മൂന്നാമതൊരു കക്ഷി മധ്യസ്ഥതയ്ക്കായി ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഇശാഖ് ഇക്കാര്യം പറഞ്ഞത്.
മധ്യസ്ഥ ചർച്ചനടത്തിയെന്ന ട്രംപിന്റെ അവകാശവാദത്തെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോട് ചോദിച്ചപ്പോൾ ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയമാണ് എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നാണ് അദ്ദേഹം മറുപടി നൽകിയതെന്നും ഇശാഖ് പറഞ്ഞു.
അതേസമയം ഞങ്ങൾ ഒന്നിനും വേണ്ടി യാചിച്ചിട്ടില്ലെന്നും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് തങ്ങളുടേതെന്നും ദർ പറഞ്ഞു. പഹൽഗാമിൽ 26 പേരുടെ ജീവൻ നഷ്ടമായ ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന തിരിച്ചടി പാകിസ്താനിൽ നടത്തിയത്. പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ഈ നീക്കം. ഇതിൽ 100 ലധികം ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ തുടരെ ഇരുരാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ദിവസങ്ങള്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും വെടിനിർത്തലിൽ എത്തിയത്. എന്നാൽ താനാണ് ഇരു രാജ്യങ്ങൾക്കും ഇടയിലെ പ്രശ്നം പരിഹരിച്ചത് എന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ട്രംപിന്റെ വാദത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയിരുന്നു. ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിക്കാൻ ഒരു ലോകനേതാവും ഇടപെട്ടില്ല എന്നായിരുന്നു മോദി ലോക്സഭയിൽ പറഞ്ഞത്.
Content Highlights: India refused third party role in truce talks; says pak minister Ishaq Dar