ന്യൂഡല്ഹി: റിലയന്സ് ഇന്ഡസ്ട്രീസിന്റെ വന്യജീവി പുനരധിവാസ കേന്ദ്രമായ 'വൻതാര'യ്ക്ക് ക്ലീന് ചിറ്റ് നല്കി സുപ്രീംകോടതി. വൻതാരയുടെ പ്രവര്ത്തനങ്ങള് സുതാര്യമാണെന്നും നിഗൂഢതയില്ലെന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്ട്ട് സുപ്രീംകോടതി ശരിവെച്ചു. വെള്ളിയാഴ്ചയായിരുന്നു എസ്ഐടി റിപ്പോര്ട്ട് കോടതിയില് സമര്പ്പിച്ചത്.
ജസ്റ്റിസ് പങ്കജ് മിത്തല്, പ്രസന്ന ബി വരാലെ എന്നിവരടങ്ങുന്ന ബെഞ്ചാണ് റിപ്പോര്ട്ട് ശരിവെച്ചത്. വിശദവും പര്യാപ്തവുമായ റിപ്പോര്ട്ടാണ് എസ്ഐടി സമര്പ്പിച്ചതെന്നും വിഷയം പുനഃപരിശോധിക്കേണ്ടതായ സാഹചര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
വന്താരയില് പരിസ്ഥിതി, വന്യജീവി സംരക്ഷണം നിയമം ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്പര്യഹര്ജിയില് സുപ്രീംകോടതി എസ്ഐടിയെ നിയോഗിക്കുകയായിരുന്നു. അഭിഭാഷകന് ജയ സുഖിനായിരുന്നു ഹര്ജിക്കാരന്. വ്യക്തമായ തെളിവുകളില്ലാതെയുള്ള ആരോപണങ്ങളാണ് ഹര്ജിയില് ഉന്നയിക്കുന്നതെന്ന് അന്ന് തന്നെ കോടതി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും യാഥാര്ത്ഥ്യം പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു അന്വേഷണ സംഘത്തെ നിയോഗിച്ചത്. വന്താരയിലെ വന്യമൃഗങ്ങളുടെ സംരക്ഷണം സംബന്ധിച്ച സമഗ്ര റിപ്പോര്ട്ട് സമര്പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടത്.
ജസ്റ്റിസ് ജെ ചെലമേശ്വര് അധ്യക്ഷനായ നാലംഗ സംഘത്തെയായിരുന്നു അന്വേഷണത്തിനായി നിയോഗിച്ചത്. ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി മുന് ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാന്, മുംബൈ മുന് പൊലീസ് കമ്മീഷണര് ഹേമന്ദ് നഗ്രലെ, കസ്റ്റംസ് അഡീഷണല് കമ്മീഷണര് അനീഷ് ഗുപ്ത എന്നിവരായിരുന്നു മറ്റ് അംഗങ്ങള്.