പട്ന: പ്രതിപക്ഷം യാത്ര നടത്തുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്ഗ്രസും ആര്ജെഡിയും സ്വന്തം കുടുംബത്തിനു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ജനങ്ങളാണ് തന്റെ കുടുംബമെന്നും മോദി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും അത് എന്ഡിഎയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ പൂര്ണിയയില് നടന്ന പരിപാടിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നുഴഞ്ഞുകയറ്റക്കാര് രാജ്യത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും തന്നെ ഭീഷണിയാണ്. പ്രതിപക്ഷം നുഴഞ്ഞുകയറ്റക്കാര്ക്കൊപ്പമാണ്. അവര് നുഴഞ്ഞുകയറ്റക്കാര്ക്കായി മുദ്രാവാക്യം വിളിക്കുകയും യാത്ര നടത്തുകയും ചെയ്യുന്നു. ഇന്ത്യയില് ഇന്ത്യയുടെ നിയമങ്ങളാണ് നടപ്പാക്കുക. നുഴഞ്ഞുകയറ്റക്കാരുടെ ഇഷ്ടങ്ങള് നടപ്പാക്കില്ല. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുക എന്നത് എന്ഡിഎയുടെ ഉത്തരവാദിത്തമാണ്. കോണ്ഗ്രസും ആര്ജെഡിയും സ്വന്തം കുടുംബത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. നിങ്ങളാണ് മോദിയുടെ കുടുംബം. കോണ്ഗ്രസ് ബിഹാറിനെ ബീഡിയോട് ഉപമിച്ചു. കോണ്ഗ്രസും ആര്ജെഡിയും ബിഹാറിനെ വെറുക്കുന്നു. ഈ മാനസികാവസ്ഥയിലുളളവര്ക്ക് ബിഹാറിനെ മുന്നോട്ട് നയിക്കാനാവില്ല': നരേന്ദ്രമോദി പറഞ്ഞു.
ആര്ജെഡിയും കോണ്ഗ്രസും ബിഹാറിനായി ഒന്നും ചെയ്തില്ലെന്നും കേന്ദ്രസര്ക്കാര് പാവങ്ങള്ക്ക് വീട് ഉറപ്പാക്കും, രാജ്യത്ത് 4 കോടി വീടുകള് നിര്മ്മിക്കുകയാണ് ലക്ഷ്യമെന്നും നരേന്ദ്രമോദി പറഞ്ഞു. ഡബിള് എഞ്ചിന് സര്ക്കാര് കര്ഷകര്ക്കൊപ്പമാണെന്നും മഖാന കര്ഷകര്ക്കായി വിവിധ പദ്ധതികള് നടപ്പാക്കി, എന്ഡിഎ വരുന്നതിന് മുന്പ് മഖാന എന്ന് ആളുകള് കേട്ടിട്ടുപോലുമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Content Highlights: Opposition conducting yatra's to protect infiltrators: Prime Minister Narendra Modi