ന്യൂഡല്ഹി: സുപ്രീം കോടതിയുടെ വഖഫ് ഉത്തരവ് സ്വാഗതം ചെയ്ത് കോണ്ഗ്രസ്. നീതി, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളുടെ വിജയമാണിതെന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ദുഷ്ട ഉദ്ദേശ്യങ്ങളെ ഇല്ലാതാക്കുന്ന ഉത്തരവാണെന്നും വിയോജന കുറിപ്പുകള് സമര്പ്പിച്ച സംയുക്ത പാര്ലമെന്ററി കമ്മിറ്റിയിലെ അംഗങ്ങളുടെ വിജയം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
'ഭേദഗതിയുടെ ഉദ്ദേശം വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുകയായിരുന്നു. മതപരമായ തര്ക്കങ്ങള് വളര്ത്താന് ശ്രമിക്കുന്നവരെ പ്രീണിപ്പിക്കാന് ഒരു ഭരണഘടന സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. വിയോജനക്കുറിപ്പ് അന്ന് അവഗണിക്കപ്പെട്ടു, പക്ഷേ ഇപ്പോള് ന്യായീകരിക്കപ്പെടുന്നു', ജയറാം രമേശ് പറഞ്ഞു. വഖഫ് നിയമ ഭേദഗതിയില് കേന്ദ്ര സര്ക്കാരിന് തിരിച്ചടി നല്കുന്ന ഇടക്കാല ഉത്തരവായിരുന്നു ഇന്ന് സുപ്രീം കോടതി പുറത്ത് വിട്ടത്.
വഖഫ് ഭേദഗതിയിലെ വിവാദ വകുപ്പുകള് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസ് അഗസ്റ്റിന് ജോര്ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. വഖഫ് നിര്ണയിക്കാന് ജില്ലാ കളക്ടര്മാര്ക്ക് അധികാരമില്ല. അഞ്ചുവര്ഷ വിശ്വാസ പരിധിയും സ്റ്റേ ചെയ്തു. മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോര്ഡ് സിഇഒ ആക്കാം. കേന്ദ്ര വഖഫ് ബോര്ഡുകളില് മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം നാലില് കൂടരുത്. സംസ്ഥാന ബോര്ഡില് മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം മൂന്നില് കൂടരുതെന്നും കോടതി വ്യക്തമാക്കി.
സര്ക്കാര് ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്ക്കം തീര്പ്പാക്കാന് സര്ക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയിലാണ് മറ്റൊരു ഇടപെടല്. ഒരു എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില് തീര്പ്പ് കല്പ്പിക്കാന് അനുവാദം നല്കാനാവില്ലെന്നും ഇത് അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നും നിരീക്ഷിച്ചുകൊണാണ് കോടതി ഇത് സ്റ്റേ ചെയ്തിരിക്കുന്നത്. തങ്ങളുടെ നിരീക്ഷണങ്ങള് പ്രഥമദൃഷ്ട്യാ മാത്രമുള്ളതാണെന്നും നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് കക്ഷികള്ക്ക് കൂടുതല് വാദങ്ങള് ഉന്നയിക്കുന്നതിന് ഇത് തടസ്സമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Content Highlights: Congress accept Supreme Court verdict on Waqf