പുറമേ നിന്ന് നോക്കിയാൽ സ്‌കൂൾ, മുകൾ നിലയിൽ ലഹരിമരുന്ന് ഉൽപ്പാദന കേന്ദ്രം; ഹൈദരാബാദിൽ സ്‌കൂൾ ഡയറക്ടർ അറസ്റ്റിൽ

അവധി ദിവസമായ ഞായറാഴ്ചകളിലാണ് ഇവിടെ നിന്ന് ലഹരിമരുന്ന് പുറത്തേക്ക് കടത്തിയത്

ഹൈദരാബാദ്: സ്വകാര്യ സ്‌കൂളില്‍ വന്‍ ലഹരിമരുന്ന് ഉല്‍പ്പാദന കേന്ദ്രം. സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ലഹരി മരുന്ന് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍ മലേല ജയപ്രകാശ് ഗൗഡിനെയും മറ്റ് രണ്ടുപേരെയും തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു.

കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലും സാധാരണ രീതിയില്‍ ക്ലാസ് മുറി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയാണ് രണ്ടാം നിലയില്‍ ലഹരിമരുന്നുകള്‍ നിര്‍മിക്കുന്നത്. മലേല ജയപ്രകാശിന്റെ നേതൃത്വത്തിലാണ് സ്‌കൂളിനെ ലഹരിമരുന്ന് നിര്‍മാണ കേന്ദ്രമാക്കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

കള്ളില്‍ മായം കലര്‍ത്താന്‍ ഉപയോഗിക്കുന്ന അല്‍പ്രാസൊലാം എന്ന നിരോധിത ലഹരിമരുന്നാണ് ഈ കെട്ടിടത്തില്‍ നിര്‍മിച്ചത്. അല്‍പ്രൊസൊലാം നിര്‍മാണത്തിനായുള്ള എട്ട് റിയാക്ടറുകളും ഡ്രയറുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ഏഴ് കിലോഗ്രാം അല്‍പ്രാസൊലാം, അസംസ്‌കൃത രാസവസ്തുക്കള്‍, 21 ലക്ഷം രൂപ, നിര്‍മാണ ഉപകരണങ്ങള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു. തെലങ്കാന പൊലീസിന്റെ ലഹരി വിരുദ്ധ സേനയായ ഈഗിളാണ് സ്‌കൂളിന്റെ മുകളിലെ നിലയില്‍ ലഹരിമരുന്ന് കേന്ദ്രം കണ്ടെത്തിയത്. ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്ന ലഹരിമരുന്ന് വിവിധ മദ്യ ഡിപ്പോകള്‍ക്ക് വിറ്റിരുന്നു. ആറ് മാസമായി ഇവിടെ ലഹരിമരുന്ന് കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. അവധി ദിവസമായ ഞായറാഴ്ചകളിലാണ് ഇവിടെ നിന്ന് ലഹരിമരുന്ന് പുറത്തേക്ക് കടത്തിയത്.

Content Highlights: drug manufacturing facility on the upper floor School director arrested in Hyderabad

To advertise here,contact us