ബിഹാറില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ഇന്‍ഡ്യ മുന്നണി കക്ഷികള്‍; ഭീഷണി മുഴക്കി മെരുക്കാന്‍ ആര്‍ജെഡി

സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ആർജെഡി മത്സരിക്കുമെന്ന് തേജ്വസി യാദവ്

പാട്ന: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ആർജെഡി ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. തന്റെ പേരിൽ എല്ലാ മണ്ഡലങ്ങളിലും വോട്ട് ചെയ്യണമെന്നും തേജ്വസി ശനിയാഴ്ച മുസാഫർപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.

'തേജ്വസി 243 സീറ്റുകളിലും മത്സരിക്കും. അത് ബോച്ചൻ ആവട്ടെ മുസാഫർപൂറാവട്ടെ, തേജ്വസി പോരാടും. എല്ലാവരോടും എനിക്ക് പറയാനുള്ളത് എന്റെ പേരിൽ നിങ്ങൾ വോട്ടു ചെയ്യണമെന്നാണ്. ബിഹാറിനെ മുന്നോട്ടു നയിക്കാൻ തേജ്വസി പ്രവർത്തിക്കും. നമുക്ക് ഒരുമിച്ച് പ്രവർത്തിച്ച് ഈ സർക്കാരിനെ പുറത്താക്കാം' റാലിയിൽ തേജ്വസി യാദവ് പറഞ്ഞു. പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുക എന്നതിനപ്പുറം മറ്റൊരു കാര്യം കൂടി മനസ്സില്‍ സൂക്ഷിച്ചാണ് തേജസ്വിയുടെ പ്രഖ്യാപനം.

ഇന്‍ഡ്യ മുന്നണിയിലെ മറ്റ് പാര്‍ട്ടികളായ കോണ്‍ഗ്രസും വികാസ് ഇന്‍സാഫ് പാര്‍ട്ടിയും ഇടതുകക്ഷികളും കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനിരിക്കുകയാണ്. ഇത് മനസ്സിലാക്കി കൂടുതല്‍ സീറ്റുകള്‍ ചോദിക്കേണ്ടെന്ന സന്ദേശം ഘടകകക്ഷികള്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ് ഒറ്റക്ക് മത്സരിക്കുമെന്നുള്ള തേജസ്വിയുടെ പ്രഖ്യാപനം. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാണ് ആര്‍ജെഡി ലക്ഷ്യമിടുന്നത്. അതേ സമയം കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകള്‍ തന്നെ ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ് നീക്കം. വോട്ട് ചോരി യാത്രയിലൂടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാനായി എന്നാണ് അവരുടെ വാദം. കഴിഞ്ഞ തവണ 19 സീറ്റുകളില്‍ മത്സരിച്ച് 12 സീറ്റുകളില്‍ വിജയിച്ച സിപിഐഎംഎല്‍ ലിബറേഷന്‍ ഇത്തവണ 25 സീറ്റുകള്‍ ആവശ്യപ്പെടാനാണ് ഒരുങ്ങുന്നത്.

അതേസമയം എൻഡിഎ സഖ്യത്തിനെതിരെ വലിയ വിമർശനമാണ് തേജ്വസി ഉയർത്തുന്നത്. സംസ്ഥാനത്തെ ആരോഗ്യമേഖല മുഴുവൻ തകർന്ന നിലയിലാണെന്ന് തേജ്വസി ആരോപിച്ചു. ശനിയാഴ്ച അപ്രതീക്ഷിതമായി പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളേജിൽ തേജ്വസി പരിശോധന നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാർ സന്ദർശനം നടത്താനിരിക്കെയായിരുന്നു ആശുപത്രിയിലെ പരിശോധന. രോഗികൾക്ക് കിടക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നതും വൃത്തിയില്ലായ്മയെല്ലാം ചൂണ്ടിക്കാട്ടിയാണ് തേജ്വസിയുടെ വിമർശനം. ഇതിന്റെ ദൃശ്യങ്ങളും എക്‌സിലൂടെ തേജ്വസി പുറത്തുവിട്ടിട്ടുണ്ട്.Content Highlights: Drift in Bihar INDIA bloc, Tejaswi yadav says RJD will contest in all seats

To advertise here,contact us