മോദിയുടെ അമ്മയെ കഥാപാത്രമാക്കിയ എഐ വീഡിയോ; പൊലീസില്‍ പരാതി നല്‍കി ബിജെപി

വീഡിയോയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധാത്തിന് ഒരുങ്ങുകയാണ് ബിജെപി

ഡല്‍ഹി: കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ എഐ വീഡിയോയില്‍ പൊലീസിന് പരാതി നല്‍കി ബിജെപി. കോണ്‍ഗ്രസ്സ് വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ പരാതി. ഡല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് കോണ്‍ഗ്രസിനെതിരായ പരാതി രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകന്‍ സങ്കേത് ഗുപ്ത ആണ് പരാതി നല്‍കിയത്. വീഡിയോയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധാത്തിന് ഒരുങ്ങുകയാണ് ബിജെപി.

തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ അപേക്ഷിക്കുന്നതാണ് വീഡിയോ. ബിഹാര്‍ കോണ്‍ഗ്രസ് ആണ് വീഡിയോ പുറത്തിറക്കിയത്. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം. സ്വപ്നത്തില്‍ മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം മോദിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കര്‍ശനമായി ശാസിക്കുന്നു. മോദിയോട് സാമ്യമുള്ള എ ഐ കഥാപാത്രം ഇത് കേട്ട് ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.

'സാഹെബിന്റെ സ്വപ്നങ്ങളില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു. ഈ രസകരമായ സംഭാഷണം കാണുക' എന്ന അടിക്കുറിപ്പും വീഡിയോക്ക് നല്‍കിയിരിക്കുന്നു. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും പ്രതിപക്ഷം വിലകുറഞ്ഞ തന്ത്രങ്ങള്‍ അവലംബിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിജെപി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ആസൂത്രണം ചെയ്ത വീഡിയോയാണിതെന്ന് ആരോപിച്ച് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തിയിരുന്നു. 'രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം, പ്രധാനമന്ത്രി മോദിയുടെ പരേതയായ അമ്മയെ കോണ്‍ഗ്രസ് പരിഹസിച്ചു. ഒരു പാര്‍ട്ടി ഇത്രയും തരംതാഴ്ന്നത് കാണുന്നത് വേദനാജനകമാണ്. കോണ്‍ഗ്രസ് സ്ത്രീവിരുദ്ധമാണ്,' എന്നാണ് അദ്ദേഹം തന്റെ എക്‌സിലൂടെ പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം പറഞ്ഞത്.

Content Highlight; PM Modi's mother in 'vote chori' AI video; BJP files complaint with police

To advertise here,contact us