മരണശേഷം ശരീരം പഠനാവശ്യത്തിന് നല്‍കാന്‍ സിപിഐഎമ്മിന്റെ 1,500-ലധികം നേതാക്കളും കേഡര്‍മാരും

സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു തീരുമാനം

ചെന്നൈ: മരണശേഷം ശരീരം മെഡിക്കൽ ഗവേഷണത്തിനായി ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കി ചെന്നെയിലെ സിപിഐഎമ്മിന്റെ 1,500-ലധികം നേതാക്കളും കേഡര്‍മാരും. മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു തീരുമാനം. ജീവിതത്തിലും മരണശേഷവും മനുഷ്യർ മനുഷ്യരാശിയെ സേവിക്കണമെന്ന സന്ദേശം നൽകുക എന്നതാണ് രജിസ്ട്രേഷന്റെ ലക്ഷ്യമെന്ന് സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി യെച്ചൂരിയുടെ മൃതദേഹം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (എയിംസ്) കൈമാറിയിരുന്നു.

തമിഴ്‌നാട്ടിലെ ജാതി അടിസ്ഥാനമാക്കിയുള്ള ശവസംസ്‌കാര രീതികളെയും ബാലകൃഷ്ണൻ വിമർശിച്ചു. "മരിച്ചാലും പിന്തുടരുന്ന വേർതിരിക്കപ്പെട്ട ശവസംസ്‌കാര രീതികളാണ് ജാതി സ്വത്വങ്ങൾ നിലനിർത്തുന്നത്. സംസ്‌കരിക്കുന്നതിനോ ദഹിപ്പിക്കുന്നതിനോ പകരം, ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ പുരോഗതിക്കായി നമ്മുടെ മൃതദേഹങ്ങൾ സമർപ്പിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

യെച്ചൂരിയുടെ ചരമവാർഷികം രാജ്യമെമ്പാടും ആചരിക്കുന്നുണ്ടെന്നും തമിഴ്‌നാട് പ്രത്യേകമായി ശരീരദാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പി വാസുകി പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പി ഷൺമുഖം, മുതിർന്ന നേതാക്കളായ ടി കെ രംഗരാജൻ, കെ സാമുവൽരാജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ശരീരദാനത്തിനുള്ള രജിസ്ട്രേഷൻ ഫോമുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സുഗന്ധി രാജകുമാരിക്കും ഡെപ്യൂട്ടി ഡയറക്ടർ ശ്രീപ്രിയയ്ക്കും ഔദ്യോഗികമായി കൈമാറി.

Content Highlights: Over 1500 members of CPIM pledge their bodies for research

To advertise here,contact us