'വസുധൈവ കുടുംബകത്തിന്റെ പ്രതീകം, കഠിനാധ്വാനി'; 75-ാം പിറന്നാൾ ദിനത്തിൽ മോഹൻ ഭാഗവതിനെ പുകഴ്ത്തി നരേന്ദ്ര മോദി

മോഹൻ ഭാഗവതിന് 75 വയസ് പൂര്‍ത്തിയായ ദിനത്തിലാണ് മോദിയുടെ പ്രശംസ

ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വസുധൈവ കുടുംബകത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് മോഹൻ ഭാഗവത് എന്നാണ് അദ്ദേഹത്തിന് 75 വയസ് പൂര്‍ത്തിയായ ദിനത്തില്‍ മോദി പറഞ്ഞത്. പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവാണ് അദ്ദേഹം. സാമൂഹിക പരിഷ്‌കരണത്തിനും ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ആത്മാവ് ശക്തിപ്പെടുത്തുന്നതിനുമായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തിത്വമാണ് മോഹൻ ഭാഗവത് എന്നും മോദി വ്യക്തമാക്കി.

'ആർഎസ്എസിനായി കഠിനാധ്വാനം ചെയ്യുന്ന, സംഘത്തിന്റെ കാതലായ പ്രത്യയശാസ്ത്രത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ആളാണ് മോഹൻ ഭാഗവത്. അദ്ദേഹത്തിന്റെ പ്രവർത്തന രീതിയും നിലപാടും താൻ എപ്പോഴും ഓർക്കാറുള്ള കാര്യമാണ്. യുവജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ സ്വാഭാവികമായ ഇടപെടൽപോലും ഒരു നല്ല ബന്ധമാണ്. സംഘപരിവാറിലേക്ക് യുവജനങ്ങളെ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്. ആളുകളുമായുള്ള ഇടപെടലും അദ്ദേഹത്തിന്റെ സംഭാഷണങ്ങളും ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വളരെയധികം ഗുണം ചെയ്തിട്ടു'ണ്ടെന്നും മോദി മോഹൻ ഭാഗവതിനെ കുറിച്ചെഴുതിയ കുറിപ്പിൽ പറയുന്നു.

ആർഎസ്എസ് മേധാവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നേതൃപാടവം വേറിട്ടതാണ്. സ്വന്തം കഴിവും ആശയങ്ങളും സഹാനുഭൂതി നിറഞ്ഞ നിലപാടും രാഷ്ട്രം എന്ന തത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം നടപ്പാക്കുന്നതെന്നും മോദി പറയുന്നു. മോഹൻ ഭാഗവതിന്റെ പിതാവ് മധുകർ റാവു ഭാഗവത് ജിയുമായി തനിക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.

രാഷ്ട്ര നിർമാണത്തിനായി സ്വയം സമർപ്പിച്ച ആളാണ് അദ്ദേഹമെന്നും മോദി പറഞ്ഞു. രാഷ്ട്ര നിർമാണത്തോടുള്ള മധുകർ റാവുവിന്റെ അഭിനിവേശം വളരെ വലുതായിരുന്നു. അത് അദ്ദേഹത്തിന്റെ പുത്രനായ മോഹൻ ഭാഗവതിനും ലഭിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

മോദിയും മോഹൻ ഭാഗവതും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ കുറിപ്പ് എന്നതും ശ്രദ്ധേയമാണ്. 75 വയസ്സായാൽ വിരമിച്ച് മറ്റുള്ളവർക്ക് വേണ്ടി വഴിമാറികൊടുക്കണമെന്ന മോഹൻ ഭാഗവതിന്റെ പരാമർശം രാഷ്ട്രീയ ചർച്ചയായിരുന്നു. ഇത് മോദിയെ ലക്ഷ്യമിട്ടാണ് എന്നായിരുന്നു അഭ്യൂഹം.

Content Highlights: PM Narendra Modi Praised RSS head Mohan Bhagwat at his birthday

To advertise here,contact us