ഭോപ്പാല്: മധ്യപ്രദേശില് മൂന്നാം ഭാര്യയും കാമുകനും ചേര്ന്ന് അറുപതുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അനുപുരിലെ സകാരിയ ഗ്രാമത്തിലാണ് സംഭവം. ഭയ്യാലാല് രജക് എന്നയാളെയാണ് ഭാര്യയും കാമുകനും ചേര്ന്ന് കൊലപ്പെടുത്തി ചാക്കില് കെട്ടി കിണറ്റിലിട്ടത്.
മൂന്ന് തവണയാണ് ഭയ്യാലാല് വിവാഹിതനായത്. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെ ഗുഡ്ഡി ഭായി എന്ന യുവതിയെ ഇയാള് വിവാഹം ചെയ്യുകയായിരുന്നു. എന്നാല് ഇരുവര്ക്കും കുട്ടികളില്ലാതെ വന്നപ്പോള് ഗുഡ്ഡി ഭായിയുടെ സഹോദരിയായ മുന്നിയെ ഇയാള് വിവാഹം ചെയ്തു. മുന്നിയില് ഇയാള്ക്ക് രണ്ട് കുട്ടികള് ജനിച്ചു. ഇതിനിടയിലാണ് ഭയ്യാലാലിന്റെ മൂന്നാം ഭാര്യയായ മുന്നിയും റിയല് എസ്റ്റേറ്റ് ബ്രോക്കറുമായ നാരായണ ദാസുമായി പ്രണയത്തിലാവുന്നത്.
ബന്ധം തീവ്രമായതോടെ ഭയ്യാലാലിനെ കൊലപ്പെടുത്താന് ഇരുവരും ചേര്ന്ന് പദ്ധതിയിട്ടു. സഹായത്തിനായി ധീരജ് എന്ന മറ്റൊരു തൊഴിലാളിയെയും ഇവർ കൂട്ടുപിടിച്ചിരുന്നു. അങ്ങനെ ഓഗസ്റ്റ് 30 ന് രാത്രി രണ്ട് മണിയോടെ മൂവരും ചേര്ന്ന് ഭയ്യാലാലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കില് കെട്ടി കിണറ്റില് തള്ളി. കൊല്ലപ്പെട്ട ഭയ്യാലാലിന്റെ രണ്ടാം ഭാര്യയായ ഗുഡ്ഡി ഭായിയാണ് പുലർച്ചെ മൃതദേഹം കിണറ്റില് കണ്ടെത്തിയത്. പിന്നാലെ നാട്ടുകാരെത്തി പൊലീസിനെ വിവരം അറിയിച്ചു. 36 മണിക്കൂറുനുള്ളില് മൂന്ന് പ്രതികളെയും പൊലീസ് പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ മൂവരും കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതികളെ കോടതി റിമാന്ഡ് ചെയ്തു.
Content Highlights- Sixty-year-old man beaten to death by his third wife and lover in Madhya Pradesh