മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ്റെ വീട്ടിൽ മോഷണം; ഓഫീസ് മുറികുത്തിതുറന്ന് ഫോൺ അടക്കം മോഷ്ടിച്ചു

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് മുഖംമറച്ചെത്തിയ സംഘം വീട്ടിനകത്ത് കയറി മോഷണം നടത്തിയത്

ഇൻഡോർ: മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ ജിതു പട്വാരിയുടെ വീട്ടിൽ അജ്ഞാത സംഘം അതിക്രമിച്ചു കയറി മോഷണം നടത്തി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് മുഖംമറച്ചെത്തിയ സംഘം വീട്ടിനകത്ത് കയറി മോഷണം നടത്തിയത്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഘം ഫോണുകൾ അടക്കമുള്ള സാധാനസാമഗ്രികൾ കൊള്ളയടിച്ചു.

ഇൻഡോറിലെ രാജേന്ദ്ര നഗറിലെ ബിജൽപൂർ പരിസരത്ത് ഏകദേശം രണ്ടര മണിക്കൂറോളമാണ് ഈ സംഘം തമ്പടിച്ചത്. ഇത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വൈദ്യുതി വിച്ഛേദിച്ച സംഘം പ്രദേശമാകെ ഇരുട്ടിലാക്കി, വീട്ടിലും പരിസരത്തുമായി സ്ഥാപിച്ചിരുന്ന സിസിടിവി കാമറകൾ പ്രവർത്തനരഹിതമാക്കിയാണ് കൊള്ള നടത്തിയത്. ജിതു പട്വാരിയുടെ ഓഫീസ്മുറിയിലെ അലമാരകളും ലോക്കറുകളും അക്രമിസംഘം പൊളിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ ഇവിടെനിന്നും നഷ്ടമായതായാണ് വിവരം.

ജിതു പട്വാരിയുടെ വീടിന് പുറമെ ചീഫ് മുനിസിപ്പൽ ഓഫീസർ രാജ്കുമാർ താക്കൂർ, മധ്യപ്രദേശ് ഇലക്ട്രിസിറ്റി ബോർഡ് ഓഫീസർ നരേന്ദ്ര ദുബെ എന്നിവരുടെ വീട്ടിലും ഇവർ മോഷണം നടത്തി. സിസിടിവി പ്രവർത്തനരഹിതമാക്കിയതിനാൽ സംഘത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ലഭ്യമല്ല. എന്നാൽ നിലവിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. അതേസമയം മോഷ്ടാക്കൾ ബാങ്ക് മോഷണമടക്കം നടത്തിയിട്ടുള്ള സംഘമാണെന്നാണ് പൊലീസ് നിഗമനം. ഈ സംഘത്തിലെ നിരവധി പേർ അടുത്തിടെ അറസ്റ്റിലായിരുന്നു. എന്നാൽ ചിലർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നുവെന്നും ഇവരായിരിക്കാം മോഷണത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു.

Content Highlights: late night roberry at madhya pradesh congress chief Jitu Patwari

To advertise here,contact us