ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന മതപരമായ ചടങ്ങിനിടെ വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി. വ്യവസായിയായ സുധീർ ജെയ്ന്റെ ഒരു കോടിയോളം വിലവരുന്ന പാത്രമാണ് നഷ്ടമായത്. സംഭവത്തെ തുടർന്ന് ഇദ്ദേഹം പൊലീസിൽ പരാതി നൽകി. കേസിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 28 മുതൽ ജൈനമത വിശ്വാസികളുടെ മതപരമായ ചടങ്ങ് ചെങ്കോട്ട പരിസരത്ത് സംഘടിപ്പിച്ച് വരികയാണ്. ഇത് സെപ്തംബർ 9 വരെ തുടരും. ഇതിനായി പ്രത്യേകം വേദിയും പ്രദേശത്ത് സജ്ജീകരിച്ചിരുന്നു. ധോത്തിയും കുർത്തയും ധരിച്ചെത്തുന്ന, പ്രത്യേകമായി അനുമതി ലഭിച്ചവർക്ക് മാത്രമേ ഇവിടെ പ്രവേശിക്കാൻ അനുവാദമുള്ളു. എല്ലാ ദിവസവും പ്രാർത്ഥനയ്ക്കായി വ്യവസായി ഇവിടെ സ്വർണ പാത്രവുമായി എത്തുമായിരുന്നു. ഇദ്ദേഹം പ്രാർത്ഥനയിലായിരിക്കുമ്പോഴാണ് മോഷണം നടന്നത്.
760 ഗ്രാം സ്വർണം കൊണ്ട് നിർമിച്ച പാത്രം വജ്രങ്ങൾ, മാണിക്യം, മരതകം എന്നിവ കൊണ്ട് അലങ്കരിച്ചിരുന്നു. ആരാധന നടത്തുന്നിടത്ത് ഈ സ്വർണപാത്രം സ്ഥാപിച്ച് ഇതിന് ചുറ്റും ഭക്തർ അണിനിരന്നാണ് ചടങ്ങുകൾ നടത്തുന്നത്. ലോക്സഭാ സ്പീക്കർ ഓംബിർള ആചാരനുഷ്ഠാനങ്ങളിൽ പങ്കെടുക്കാനെത്തിയ സമയത്ത് അദ്ദേഹത്തെ സ്വീകരിക്കാനുള്ള തിരക്കിലേക്ക് ആളുകളുടെ ശ്രദ്ധ മാറിയതിന് പിന്നാലെയാണ് മോഷണം നടന്നത്.
അന്വേഷണം സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ധോത്തിയും കുർത്തയും ധരിച്ചെത്തിയ ഇയാൾ വേദിയിൽ ചുറ്റിത്തിരിയുന്നതും സംഘാടകരും ഭക്തരുമായി ഇടപെഴകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാൾ സ്പീക്കറുടെ സന്ദർശനം മുതലെടുത്താണ് സ്വർണപാത്രവുമായി മുങ്ങിയത്.Content Highlights: Gold plate with diamond stones stolen from delhi's Redfort