രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഒരുങ്ങാൻ അധികൃതര്‍ക്ക് നിര്‍ദേശം

ഘട്ടം ഘട്ടമായി രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടർപട്ടിക പരിഷ്‌കരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം

ന്യൂഡൽഹി: രാജ്യവ്യാപകമായി ബിഹാര്‍ മോഡല്‍ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടർ പട്ടിക പരിഷ്‌കരിക്കും. ഇതിനായി ഒരുങ്ങാൻ എല്ലാ സംസ്ഥാന ഇലക്ടറൽ ഓഫീസർമാർക്കും കമ്മീഷന്‍ നിർദേശം നൽകി. ഓരോ സംസ്ഥാനത്തെയും സാഹര്യങ്ങളെ കുറിച്ചുള്ള പവർപോയിന്റ് പ്രസന്റേഷൻ തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം സംസ്ഥാന ഇലക്ടർ ഓഫീസർമാരുടെ യോഗം സെപ്റ്റംബർ 10ന് ചേരും. ഘട്ടംഘട്ടമായി രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടർപട്ടിക പരിഷ്‌കരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, അസം, തമിഴ്‌നാട്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിഹാർ മാതൃകയിൽ എസ്‌ഐആർ നടപ്പാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജിയുമുണ്ട്. ബിജെപി നേതാവ് അശ്വനി ഉപാധ്യായ ആണ് ഈ ഹർജി സമർപ്പിച്ചിട്ടുള്ളത്. അതേസമയം എസ്‌ഐആർ ഏറ്റവും വേഗത്തിൽ നടപ്പാക്കാനുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്.

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കിയ ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരടു വോട്ടർ പട്ടിക പ്രകാരം 65 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. വോട്ടർപട്ടികയിൽ ഏഴ് കോടി 89 ലക്ഷം വോട്ടർമാരാണുണ്ടായിരുന്നത്. എന്നാലിത് എസ്‌ഐആർ കഴിഞ്ഞപ്പോൾ പുറത്തിറക്കിയ കരട് പട്ടികയില്‍ ഏഴ് കോടി 24 ലക്ഷമായി ചുരുങ്ങി. മരിച്ചവർ, സ്ഥലംമാറി പോയവർ, ഒന്നിലേറെ പട്ടികയിൽ ഉൾപ്പെട്ടവർ എന്നിവരെയാണ് ഒഴിവാക്കിയതെന്നായിരുന്നു ഇതിൽ കമ്മീഷന്റെ വാദം. ഇത് വൻ വിവാദമായിരുന്നു.

Content Highlights: Election Commission moves to implement nationwide Special Intensive Revision

To advertise here,contact us