വനിതാ ഐഎഎസ് ഉദ്യോഗസ്ഥയെ പോമറേനിയന്‍ നായയോട് ഉപമിച്ച് ബിജെപി എംഎല്‍എ; ക്രിമിനല്‍ കേസ്

കര്‍ണാടകയില്‍ വലിയ സ്വാധീനമുളള ഷമനുരു കുടുംബത്തോട് എസ്പി അമിത വിധേയത്വം കാണിക്കുകയാണെന്നും ഔദ്യേഗിക യോഗങ്ങളില്‍പ്പോലും തന്നെ അവഗണിക്കുകയാണ് എന്നുമാണ് ബിപി ഹരീഷ് ആരോപിക്കുന്നത്

ബെംഗളൂരു: വനിതാ ഐഎഎസ് ഉദ്യോഗസ്ഥയെ പോമറേനിയന്‍ നായയോട് ഉപമിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ ക്രിമിനല്‍ കേസ്. ഹരിഹര്‍ എംഎല്‍എ ബി പി ഹരീഷിനെതിരെയാണ് ക്രിമിനല്‍ കേസെടുത്തിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിനിടെയാണ് എംഎല്‍എ, ഉമാ പ്രശാന്ത് എസ് പിയെ നായയോട് ഉപമിച്ചത്. കര്‍ണാടകയില്‍ വലിയ സ്വാധീനമുളള ഷമനുരു കുടുംബത്തോട് എസ്പി അമിത വിധേയത്വം കാണിക്കുകയാണെന്നും ഔദ്യേഗിക യോഗങ്ങളില്‍പ്പോലും തന്നെ അവഗണിക്കുകയാണ് എന്നുമാണ് ബി പി ഹരീഷ് ആരോപിക്കുന്നത്.

'ഞാനൊരു യോഗത്തിന് പോയാല്‍ അവര്‍ എന്നെ വേണ്ടവിധത്തില്‍ പരിഗണിക്കാറില്ല. പക്ഷെ ഷമനുരു കുടുംബത്തോട് അങ്ങനെയല്ല, അവര്‍ ഷമനുരു കുടുംബത്തിന്റെ വീടിന്റെ ഗെയ്റ്റിനു മുന്നില്‍ കാത്തുനില്‍ക്കും. അവരുടെ വീട്ടിലെ പോമറേനിയന്‍ പട്ടിയെപ്പോലെ.': എന്നാണ് ബിപി ഹരീഷ് പറഞ്ഞത്. തുടര്‍ന്ന് എസ്പി ഉമ പ്രശാന്ത് പരാതി നല്‍കി. അതിന്മേലാണ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത്.

ദാവണഗരെയിലും മധ്യ കര്‍ണാടകയിലും വലിയ സ്വാധീനമുളള കുടുംബമാണ് ഷമനുരു. ഷമനുരു ശിവശങ്കരപ്പ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമാണ്. അദ്ദേഹത്തിന്റെ മകന്‍ എസ്എസ് മല്ലികാര്‍ജുന്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ ജിയോളജി വകുപ്പ് മന്ത്രിയാണ്. ശിവശങ്കരപ്പയുടെ മരുമകളായ പ്രഭ മല്ലികാര്‍ജുന കോണ്‍ഗ്രസ് എംപിയാണ്.

Content Highlights: Karnataka BJP MLA likens Woman IAS officer to pomeranian dog, criminal case filed

To advertise here,contact us