ജിഎസ്ടി പരിഷ്‌കാരം രാജ്യത്തെ സ്വയം പര്യാപ്തമാക്കും; അഭിനന്ദിച്ച് നരേന്ദ്രമോദി

ജിഎസ്ടിയിലെ സമഗ്ര മാറ്റം സാധാരണക്കാര്‍ക്ക് ആശ്വാസകരമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് തലയ്‌ക്കേറ്റ അടിയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കാരങ്ങള്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായ തീരുമാനം എന്ന് വ്യക്തമാക്കിയാണ് ജിഎസ്ടി പരിഷ്‌കാരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത്. ജിഎസ്ടി ഇളവും ആദായ നികുതി ഇളവും ഇരട്ടി മധുരമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിരവധി നികുതികള്‍ ചുമത്തിയിരുന്നു എന്ന് മോദി വിമര്‍ശിക്കുകയും ചെയ്തു.

ജിഎസ്ടിയിലെ സമഗ്ര മാറ്റം സാധാരണക്കാര്‍ക്ക് ആശ്വാസകരമെങ്കിലും, സംസ്ഥാനങ്ങള്‍ക്ക് തലയ്‌ക്കേറ്റ അടിയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു. വരുമാന നഷ്ടം നികത്താന്‍ നഷ്ടപരിഹാര സംവിധാനം വേണം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

മാറ്റം അനുസരിച്ച് ലോട്ടറി നികുതി 28% ല്‍ നിന്ന് 40% ആയി ഉയരും. ലോട്ടറിയിലെ നികുതി വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവെച്ചു. നികുതി ഇളവിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ലഭിക്കണം. കമ്പനികള്‍ സാധനങ്ങളുടെ വില കൂട്ടുന്നത് കേന്ദ്രം നിയന്ത്രിക്കണമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 12%ന്റെയും, 28%ന്റെയും നികുതി സ്ലാബുകള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.

Content Highlights: PM Narendra Modi says GST reforms will make the country self-reliant

To advertise here,contact us