നികുതി പരിഷ്കരണം; ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയും

ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാർ പങ്കെടുക്കും

ന്യൂഡൽഹി: ചരക്ക്- സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പരിഷ്‌കരിക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിൽ തീരുമാനമെടുക്കാനുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാർ പങ്കെടുക്കും.

നിലവിലെ അഞ്ച്, 12, 18, 28 ശതമാനം സ്ലാബ് ജിഎസ്ടി നിരക്കുകളെ അഞ്ച്,18 ശതമാനം എന്നീ രണ്ട് സ്ലാബ് നിരക്കുകൾക്ക് കീഴിലാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അവതരിപ്പിച്ചത്. നിരവധി ഉൽപന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യവും യോഗം ചർച്ച ചെയ്യും. സിമന്റ്, തുകൽ ഉൽപന്നങ്ങൾ, ചെറിയ കാറുകൾ, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങൾ എന്നിവയുടെ ജിഎസ്ടി കുറഞ്ഞേക്കും. കൂടാതെ വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതി ഒഴിവാക്കുന്നതിലും ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കും. ഈ ദീപാവലിക്ക് മുൻപ് നിർദേശം നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

Content Highlights: GST council meeting held today and tomorrow

To advertise here,contact us